'രാഹുൽ ഗാന്ധിയെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യൂ'; ഡൽഹി പോലീസിനോട് മുഖ്യമന്ത്രി വി.ഡി. സതീശൻ

#ന്യൂസ് ഡെസ്ക്
Photo: 'X' ANI
Photo: 'X' ANI

ന്യൂഡൽഹി: ഡൽഹി പോലീസ് നടപടിയെ ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. പോലീസ് തടഞ്ഞുനിർത്തിയതോടെ രാഹുൽ ഗാന്ധിയെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യൂവെന്ന് മുഖ്യമന്ത്രി ഡൽഹി പോലീസിനെ വെല്ലുവിളിച്ചു. ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിലാണ് വി.ഡി. സതീശന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെ കാണാൻ പോലീസ് അനുമതി നൽകിയത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അടിച്ചമർത്തൽ ഉണ്ടാകുകയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് ബാരഖംബ റോഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പൗരന്മാരുടെ ഒരുമിച്ചുകൂടാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് പോലീസ് നടപടിയെന്ന് കസ്റ്റഡിയിലായ നേതാക്കൾ കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രതിഷേധങ്ങളെ കുറ്റകൃത്യമായി കണ്ടിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെ അവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്ന് അവർ പറഞ്ഞു. ജനാധിപത്യം എന്നത് പോലീസിന്റെ അനുകമ്പയല്ലെന്നും തങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

ഡൽഹിയാകെ ജന്തർ മന്ദർ ആകുകയാണെന്നും ഡൽഹി പോലീസ് പരാജയപ്പെടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട എംപിമാരെയും മുഖ്യമന്ത്രിയെയും ലോക്സഭാ പ്രതിപക്ഷനേതാവിനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.