ഡിഎംകെ സഖ്യം തകരുന്നു; വിസികെയും ഔദ്യോഗികമായി ടിവികെ ക്യാമ്പിലേക്ക്

#ന്യൂസ് ഡെസ്ക്
വിജയ് | Photo: AFP
വിജയ് | Photo: AFP

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ തമിഴക വെട്രി കഴകം കരുത്താർജ്ജിക്കുമ്പോൾ ഡിഎംകെയും എഐഎഡിഎംകെയും വലിയ പ്രതിസന്ധി നേരിടുന്നു. തങ്ങളുടെ സഖ്യകക്ഷികളെയും നിയമസഭാംഗങ്ങളെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇരു പാർട്ടികൾക്കുമുള്ളത്. പ്രതിപക്ഷ നിരയിലുള്ള വിടുതലൈ ചിരുതൈകൾ കക്ഷി ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ഭരണപക്ഷമായ ടിവികെയുമായി ഔദ്യോഗികമായി കൈകോർക്കാൻ തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിജയ് സർക്കാരിന്റെ സുസ്ഥിരത ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പിന്തുണ നൽകുന്ന ഒരു പാർട്ടിയും തങ്ങളുടെ വാക്കിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയില്ലെന്നും വിസികെ, ഇടതുപക്ഷ പാർട്ടികൾ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവർ സർക്കാരിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ അഞ്ചുവർഷത്തെ കാലാവധി തടസ്സമില്ലാതെ പൂർത്തിയാക്കുമെന്നാണ് വിസികെയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെയിൽ നിന്ന് ഭരണപക്ഷത്തേക്കുള്ള ഒഴുക്കും തുടരുകയാണ്. മുൻ എഐഎഡിഎംകെ മന്ത്രിയും കരൂർ എംഎൽഎയുമായ എം.ആർ. വിജയഭാസ്‌കർ കഴിഞ്ഞ ദിവസം നിയമസഭാംഗത്വം രാജിവെച്ച് വിജയ്‌യുടെ ടിവികെയിൽ ചേർന്നു. ഇതോടെ എഐഎഡിഎംകെയിൽ നിന്ന് രാജിവെച്ച് വിജയ് ക്യാമ്പിലെത്തുന്ന നിയമസഭാംഗങ്ങളുടെ എണ്ണം ആറായി. മുൻ മന്ത്രി ഡോ. സി. വിജയഭാസ്‌കർ ഉൾപ്പെടെയുള്ള പ്രമുഖർ നേരത്തെ തന്നെ വിജയ്‌ക്കൊപ്പം ചേർന്നിരുന്നു.

മറ്റ് പ്രധാന പാർട്ടികളുടെ നിലപാടിലും മാറ്റം വന്നിട്ടുണ്ട്. കോൺഗ്രസ് ഇതിനകം തന്നെ ഡിഎംകെ ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് വിജയ് സർക്കാരിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇടതുപക്ഷ പാർട്ടികൾ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുകയാണ്. ജൂൺ 20-ന് മുസ്ലിം ലീഗ് ഡിഎംകെ സഖ്യം വിട്ടതിന് പിന്നാലെ, പതിറ്റാണ്ടുകളായി ഡിഎംകെയുമായി സഹകരിച്ചിരുന്ന വൈക്കോയുടെ എംഡിഎംകെയും കഴിഞ്ഞ ആഴ്ച സഖ്യത്തിൽ നിന്ന് പുറത്തുപോയി.

രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന മറ്റൊരു നീക്കം വിജയ് സംഘടിപ്പിക്കുന്ന ചായസൽക്കാരമാണ്. വിസികെ നേതാവ് തോൽ തിരുമാവളവൻ ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പാർട്ടി എംപി ഡി. രവികുമാർ, ജനറൽ സെക്രട്ടറി ചിന്തനൈ സെൽവൻ എന്നിവർക്കൊപ്പം അദ്ദേഹം ഈ യോഗത്തിൽ പങ്കെടുത്തേക്കും.

അതേസമയം, സഖ്യകക്ഷികൾ കൊഴിഞ്ഞുപോയതോടെ രൂക്ഷമായ വിമർശനവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. വിജയ് സർക്കാർ കുതിരക്കച്ചവടമാണ് നടത്തുന്നതെന്ന് ഡിഎംകെ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് മുൻപ് ശുദ്ധമായ രാഷ്ട്രീയം വാഗ്ദാനം ചെയ്തവർ ഇപ്പോൾ അഴിമതിക്കേസുകൾ നേരിടുന്നവരെപ്പോലും പാർട്ടിയിൽ എടുക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു.

മറ്റ് പാർട്ടികളിൽ നിന്ന് എത്തുന്നവർക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്ന 'വാഷിങ് മെഷീൻ രാഷ്ട്രീയം' ആണ് ടിവികെ പയറ്റുന്നതെന്നാണ് ഡിഎംകെയുടെ പ്രധാന ആരോപണം. എന്നാൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ അവഗണിച്ച് കൂടുതൽ പാർട്ടികളെയും നേതാക്കളെയും തങ്ങളുടെ ക്യാമ്പിലെത്തിച്ച് ഭരണം സുരക്ഷിതമാക്കാനാണ് മുഖ്യമന്ത്രി വിജയ്‌യുടെ നീക്കം.

Content Highlights: VCK signals exit from DMK alliance to support Chief Minister C. Joseph Vijay’s TVK government.