എഴുന്നേറ്റ് നിക്കണം, മുഴുവൻ പാടണം; വന്ദേമാതരം- ടാഗോർ പറഞ്ഞതും ചരിത്രവും

ന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതരം' സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയഗീതവും ദേശീയഗാനമായ വന്ദേമാതരവും ആലപിക്കേണ്ട ചടങ്ങുകളിൽ വന്ദേമാതരം ആയിരിക്കണം ആദ്യം പാടേണ്ടത് എന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ദേശീയഗീതം പാടുമ്പോൾ സദസ്സിലുള്ളവർ എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക ഉപയോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്ന നാല് ശ്ലോകങ്ങൾ ഉൾപ്പെടെയുള്ള ഗാനത്തിന്റെ ആറ് ശ്ലോകങ്ങളും ഉൾപ്പെടെയുള്ള ഗീതത്തിന്റെ പൂർണമായ പതിപ്പ് വേണം ആലപിക്കാൻ എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. പുതിയ നിയമങ്ങൾ അനുസരിച്ച്, എല്ലാ സർക്കാർ പരിപാടികളിലും സ്‌കൂളുകളിലും ദേശീയഗാനത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണം.
ഒരു പരിപാടിയിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുന്നുണ്ടെങ്കിൽ, വന്ദേമാതരം വേണം ആദ്യം പാടാൻ. ഈ സമയം എല്ലാവരും ശ്രദ്ധയോടെ നിൽക്കണം. ഇന്ത്യയിലെ സ്‌കൂളുകൾക്ക് അവരുടെ അസംബ്ലികളിൽ ദേശീയഗീതം ഉൾപ്പെടുത്താനും ദേശീയ ചിഹ്നങ്ങളോടുള്ള ബഹുമാനം പ്രോത്സാഹിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾ, പൗരന്മാർ സംഘടിപ്പിക്കുന്ന അവാർഡ് ചടങ്ങുകൾ, പതാക ഉയർത്തൽ ചടങ്ങുകൾ, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗിക പരിപാടികളിലെ ആഗമനത്തിനും അവരുടെ തിരിച്ചുപോക്കിനും ഇടയ്ക്കും ദേശീയഗീതം ആലപിക്കണം. അതേസമയം, സിനിമാ തിയേറ്ററുകളിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമല്ല. കാഴ്ചയെ തടസ്സപ്പെടുത്തിയേക്കാം എന്നതിനാൽ സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ ഭാഗമായി ഗാനം അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ല.
ദേശീയഗീതത്തിന്റെ തർക്കവിഷയമായ ചരിത്രവും അത് പ്രതിനിധീകരിക്കുന്ന വിഷയവും കണക്കിലെടുക്കുമ്പോൾ എംഎച്ച്എയുടെ ഏറ്റവും പുതിയ നിർദ്ദേശം പ്രാധാന്യമർഹിക്കുന്നു. സംസ്‌കൃതവൽക്കരിച്ച ബംഗാളി ഭാഷയിൽ ബങ്കിം ചന്ദ്ര ചട്ടോപാധ്യായ എഴുതിയ വന്ദേമാതരം 1870-കളിൽ രചിച്ച്, സന്യാസി കലാപം പശ്ചാത്തലമാക്കിയുള്ള ആനന്ദമഠ് (1882) എന്ന നോവലിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 'വന്ദേമാതരം' എന്നാൽ അക്ഷരാർത്ഥത്തിൽ 'മാതൃരാജ്യത്തെ ഞാൻ നമസ്‌കരിക്കുന്നു' എന്നാണ്. ഇവിടെ അമ്മ മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്നു.
താമസിയാതെ, ഗാനം സാഹിത്യത്തിനപ്പുറം സഞ്ചരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവഗാനമായി മാറി. 1896-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ രബീന്ദ്രനാഥ ടാഗോറാണ് 'വന്ദേമാതരം' ആദ്യമായി ആലപിച്ചത്. പിന്നീട്, ദേശീയ വികാരത്തെ പ്രചോദിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് അധികാരികൾ ഗാനത്തിന്റെ പൊതുവായ വായന നിരോധിക്കുകയും ചെയ്തു.
അതേസമയം, ആറ് ശ്ലോകങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം ഒഴികെയുള്ളവ രാഷ്ട്രത്തെ ദുർഗ്ഗ, ലക്ഷ്മി തുടങ്ങിയ ഹിന്ദു ദേവതകളായി വ്യക്തീകരിക്കുന്നുണ്ടെന്നും ഇത് ആശങ്ക ഉയർത്തുന്നതായും ചില മുസ്ലിം നേതാക്കൾ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ്, 1937-ൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഗാനത്തിന്റെ ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് തീരുമാനിച്ചത്.
ഈ രണ്ടു ശ്ലോകങ്ങളിലും മാതൃരാജ്യത്തിന്റെ പ്രകൃതി സൗന്ദര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതും മതപരമായ ചിത്രീകരണങ്ങൾ കുറവാണ് എന്നതുമായിരുന്നു അതിനുപിന്നിലെ കാരണം. 1950 ജനുവരി 24-ന്, ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ വന്ദേമാതരത്തിന് 'ദേശീയഗീതം' എന്ന പദവി നൽകി, ജനഗണമന 'ദേശീയഗാനം' ആയി. ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ ചടങ്ങുകൾക്ക് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
എന്നാൽ വന്ദേമാതരത്തിന്റെ പൂർണരൂപം സ്‌കൂളുകളിലും സർക്കാർ പരിപാടികളിലും പൊതു പരിപാടികളിലും നിർബന്ധമാക്കാനുള്ള നീക്കം ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ആശങ്കയിലാക്കിയേക്കാം എന്ന് വിമർശകർ വാദിച്ചു. ദേശീയത കോളനി വിരുദ്ധ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ദേശീയ ചിഹ്നങ്ങൾ ഒരു പ്രത്യേക മതത്തിന് അനുകൂലമാകരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.
ആനന്ദമഠ് നോവലിൽ ഗാനം ഉപയോഗിച്ച പശ്ചാത്തലമായിരുന്നു മറ്റൊരു പ്രധാന കാരണം. അത് ബ്രിട്ടീഷ് കോളനി ശക്തികളെ മാത്രമല്ല, മുസ്ലീങ്ങൾക്കെതിരെയും ഹിന്ദുക്കളെ അണിനിരത്തുന്നു എന്ന് വിമർശകർ ആരോപിച്ചു. ഗാനത്തിന്റെ വൈകാരികവും സാംസ്‌കാരികവുമായ സ്വാധീനം തിരിച്ചറിഞ്ഞ രബീന്ദ്രനാഥ ടാഗോറാണ് ഈ ആശങ്കകൾക്ക് അറുതി വരുത്തിയത്. ബങ്കിം ചന്ദ്രയുടെ സമകാലീനനായിരുന്ന ടാഗോർ തന്നെയായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്.
ഗാനം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിനും വളരെ മുമ്പ്, ടാഗോറാണ് വന്ദേമാതരം ചിട്ടപ്പെടുത്തി 1896-ൽ കൊൽക്കത്തയിലെ ഒരു കോൺഗ്രസ് പരിപാടിയിൽ ആലപിച്ചത്. വന്ദേമാതരത്തിനെ ശക്തമായ ഒരു രാജ്യസ്‌നേഹ ഗാനമായി അഭിനന്ദിക്കുകയും സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നതിൽ അതിന്റെ പങ്ക് അംഗീകരിക്കുകയും ചെയ്തു ടാഗോർ. പിന്നീട്, 1937-ൽ, കൊൽക്കത്തയിലെ പാർട്ടി സമ്മേളനത്തിൽ വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഒരു പ്രതിസന്ധി നേരിട്ടപ്പോൾ, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മുതിർന്ന നേതാക്കൾ ടാഗോറിനെ സമീപിച്ച് അഭിപ്രായം തേടി.
ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നതുപ്രകാരം, ഈ ആശയക്കുഴപ്പത്തെ ദൂരീകരിച്ചുകൊണ്ട് ടാഗോർ നെഹ്റുവിന് എഴുതിയത്; 'വന്ദേമാതരം എന്ന ഗാനത്തിന്റെ ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ മൃദുത്വത്തിന്റെയും ഭക്തിയുടെയും സ്പുടതയും, നമ്മുടെ മാതൃരാജ്യത്തിന്റെ മനോഹരവും ദയാപൂർണവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. അത് എന്നെ വല്ലാതെ ആകർഷിച്ചു. ആ ഭാഗങ്ങളെ കവിതയുടെ ബാക്കിയുള്ള ഭാഗങ്ങളിൽ നിന്നും നോവലിൽ നിന്നുതന്നെയും വേർതിരിച്ചറിയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയില്ല.' എന്നാണ്.
ഒരു ബഹുസ്വര സമീപനമാണ് വിഷയത്തെ കൈകാര്യംചെയ്യാൻ ടാഗോർ തിരഞ്ഞെടുത്ത്, 'നോവലിന്റെയും ഈ ഗീതത്തിന്റെയും മൊത്തം സ്വഭാവത്തിൽനിന്നും വ്യത്യസ്തമായി ആദ്യത്തെ രണ്ട് ശ്ലോകങ്ങൾ 'സ്വന്തം വ്യക്തിത്വവും പ്രചോദനാത്മകമായ പ്രാധാന്യവും നേടി, അതിൽ ഒരു വിഭാഗത്തെയും സമൂഹത്തെയും വേദനിപ്പിക്കുന്നതായി എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.' എന്ന് ടാഗോർ ഊന്നിപ്പറഞ്ഞു. ഈ ധാരണയിലാണ് ആദ്യത്തെ രണ്ട് ശ്ലോകങ്ങളെ ദേശീയ ഗാനമായി അംഗീകരിച്ചുകൊണ്ട് കോൺഗ്രസ് ഔദ്യോഗികമായി അനുരഞ്ജന സമീപനം സ്വീകരിച്ചത്.
Content Highlights: Understand the Union Home Ministry`s latest guidelines on singing the full Vande Mataram. Explore its history, controversy, and significance in India`s freedom struggle.