ബന്ധുക്കളെ യാത്രയാക്കാനെത്തി, വന്ദേഭാരതിൽ ‘പെട്ടുപോയി’; 12 പേർക്ക് 36,000 രൂപ പിഴചുമത്തി റെയിൽവേ

കാൺപുർ: ബന്ധുക്കളെ യാത്രയാക്കാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറിയ 12 പേർ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതിനെ തുടർന്ന് ട്രെയിനിൽ കുടുങ്ങി. തുടർന്ന്, 79 മിനിറ്റിന് ശേഷം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയ ഇവർക്ക് റെയിൽവേ 36,000 രൂപ പിഴചുമത്തി. ട്രെയിൻ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനിൽ കയറിയതിനാണ് പിഴചുമത്തിയത്.
വാരണാസി-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസ് കാൺപുർ സെൻട്രലിൽ എത്തിയപ്പോൾ ബന്ധുക്കളെ അവരുടെ സീറ്റുകൾ കണ്ടെത്താൻ സഹായിക്കാനായി കയറിയതായിരുന്നു ഇവർ. എന്നാൽ, നാലുമിനിറ്റ് മാത്രമാണ് ട്രെയിൻ സ്റ്റേഷനിൽ നിന്നത്. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ട്രെയിൻ ജീവനക്കാരോട് വണ്ടി നിർത്താൻ അഭ്യർഥിച്ചെങ്കിലും അടുത്ത സ്റ്റേഷനിൽ മാത്രമേ ട്രെയിൻ നിർത്തുകയുള്ളൂ എന്ന് ജീവനക്കാർ പറഞ്ഞു. തുടർന്ന് ഇവർ ബഹളം വച്ചതോടെ വിഷയം തുണ്ഡ്ല കൺട്രോൾ റൂമിൽ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം ട്രെയിൻ ഇറ്റാവ ജങ്ഷനിൽ നിർത്തി ഇവരെ പുറത്തിറക്കുകയുമായിരുന്നു. 79 മിനിറ്റോളം നീണ്ട യാത്രയ്ക്കൊടുവിലാണ് ട്രെയിൻ ഇറ്റാവയിലെത്തിയത്.
തുടർന്ന് ടിക്കറ്റില്ലാതെ യാത്രചെയ്തതിന് ഒരാൾക്ക് 3,000 രൂപ വീതം 12 പേരിൽനിന്നായി ആകെ 36,000 രൂപ റെയിൽവേ കമേഴ്സ്യൽ വിഭാഗം പിഴയായി ഈടാക്കി. വന്ദേഭാരത് ട്രെയിനുകൾക്ക് ഓട്ടോമാറ്റിക് വാതിലുകളാണെന്നും അനുമതിയില്ലാതെ കോച്ചുകളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
വാതിലുകൾ അടയുന്നതിന് മുൻപുള്ള മുന്നറിയിപ്പ് അറിയിപ്പ് കേട്ടാലുടൻ യാത്രയാക്കാൻ കയറിയവർ ഇറങ്ങണമെന്നും അല്ലാത്തപക്ഷം യാത്രാക്കൂലിയും പിഴയും നൽകേണ്ടിവരുമെന്നും റെയിൽവേ അറിയിച്ചു.
Content Highlights: 12 relatives trapped inside Vande Bharat Express as automatic doors closed at Kanpur Central., Trapped passengers included women and children who boarded just to help relatives with seating., Train was halted at Etawah junction after control room intervention., Railway commercial department levied a total fine of Rs 36,000 (Rs 3,000 per person) for ticketless travel.