ശതാബ്ദിക്ക് വന്ദേഭാരത് കോച്ച്; 1500 കോച്ചുകൾകൂടി നിർമിക്കാൻ റെയിൽവേ ബോർഡ് നിർദേശം

ചെന്നൈ: വന്ദേഭാരതിന്റെ ചെയർകാർ തീവണ്ടിയുടെ 1500 കോച്ചുകൾകൂടി നിർമിക്കാൻ നിർദേശം നൽകി റെയിൽവേ ബോർഡ്. 720 കോച്ചുകൾ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്)യിലും ബാക്കി കപൂർത്തല കോച്ച് ഫാക്ടറി, മോഡേൺ കോച്ച് ഫാക്ടറി എന്നിവയിലുമാണ് നിർമിക്കുക. ശതാബ്ദി എക്‌സ്പ്രസുകൾക്ക് വേണ്ടിയാണ് 1500 ചെയർകാർ കോച്ചുകൾ നിർമിക്കുന്നത്. 2029-2030 സാമ്പത്തിക വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും.
ശതാബ്ദി എക്‌സ്പ്രസിന്റെ കോച്ചുകൾ നിർമിക്കുന്നത് റെയിൽവേ കോച്ച് ഫാക്ടറികൾ നിർത്തിവെച്ചിരുന്നു. ഇനി ശതാബ്ദി എക്‌സ്പ്രസിലെ പഴയ കോച്ചുകൾ മാറ്റി പകരം പുതുതായി നിർമിക്കുന്ന വന്ദേഭാരതിന്റെ ചെയർകാർ കോച്ചുകൾ ഘടിപ്പിക്കും.
88 തീവണ്ടികൾക്ക് ആവശ്യമായ കോച്ചുകളായിരിക്കും നിർമിക്കുക. 16 കോച്ചുകളുള്ളതും 20 കോച്ചുകളോടുകൂടിയതുമായ ശതാബ്ദി എക്‌സ്പ്രസുകളാണ് സർവീസ് നടത്തുന്നത്.
കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇന്ത്യൻ റെയിൽവേ വന്ദേഭാരത് ചെയർകാർ കോച്ചുകൾ അടങ്ങിയ തീവണ്ടികൾ നിർമിച്ചിരുന്നു. 82 തീവണ്ടികൾ അപ്പോൾ നിർമിച്ചിരുന്നു.
ബാക്കിയുള്ള കോച്ചുകൾ ദക്ഷിണ റെയിൽവേയ്ക്കും നോർത്തേൺ റെയിൽവേയ്ക്കുമായി റെയിൽവേ ബോർഡ് അനുവദിച്ചിരുന്നു. ഇവ ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല.
Content Highlights: Indian Railways to build 1500 Vande Bharat chair car coaches for Shatabdi Express trains. New coaches to replace old ones by FY 2029-2030. Read details!