വഡോദര വാഹനാപകടം; സംഭവസ്ഥലത്ത് തെളിവെടുത്ത് പോലീസ്, നടക്കാനാകാതെ പ്രതി | VIDEO

വഡോദര: വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ ഇടിച്ച് ഒരു സ്ത്രീ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ അപകടസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിക്ക് നടക്കാനാകുന്ന സ്ഥിതിയായിരുന്നില്ല. രണ്ട് പോലീസുകാര്‍ ഇരുവശത്തുനിന്നും താങ്ങിയെടുത്താണ് പ്രതിയെ അപകടസ്ഥലത്തെത്തിച്ചത്.
കരേലിബാഗിലെ അമ്രപാലി ചാര്‍ രാസ്തയിലാണ് അപകടമുണ്ടായത്. എം.എസ് സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിയായ രക്ഷിത് രവീഷ് ചൗരസ്യയാണ് പിടിയിലായത്. അപകടം നടന്ന ശേഷം രക്ഷിതും സുഹൃത്തും കാറില്‍നിന്ന് പുറത്തിറങ്ങുന്നതും പരസ്പരവിരുദ്ധമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. 'ഒരു റൗണ്ട് കൂടി', എന്നും ഇവര്‍ വിളിച്ചുപറയുന്നുണ്ട്. ഈ സമയം ചൗരസ്യക്ക് നടക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല.
മോട്ടോര്‍ വാഹന നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഫോറന്‍സിക് സംഘം തെളിവ് ശേഖരിച്ചുവരികയാണ്. കാര്‍ ഓടിക്കുമ്പോള്‍ പ്രതികള്‍ ലഹരിയോ മദ്യമോ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനായി ഇവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
Content Highlights: Vadodara car crash accused limps during crime scene recreation