തുരങ്കത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിന് നീക്കം; യന്ത്രം ഉടന്‍ എത്തിക്കും

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ പുറത്തെത്തിക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്താന്‍ പദ്ധതി. ഇതിനുള്ള യന്ത്രം എത്തിക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കി. മലമുകളിലേക്ക് എത്താന്‍ പുതുതായി നിര്‍മിച്ച റോഡ് വഴി യന്ത്രം എത്തിക്കാനാണ് നിര്‍ദേശം. ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേര്‍ന്ന ശേഷം വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സത്‌ലജ് ജല്‍ വൈദ്യുതി നിഗവും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനാണ് ലംബമായി തുരക്കുന്നതില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. തീരുമാനം ലഭിച്ചാല്‍ ഉടന്‍ ഡ്രില്ലിങ് ആരംഭിക്കാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ, മാനുവല്‍ ഡ്രില്ലങ്ങിനുള്ള സാധ്യത പരിശോധിച്ചിരുന്നു. അവശിഷ്ടങ്ങളിലെ ഇരുമ്പുപാളികളില്‍ തട്ടി ഓഗര്‍ യന്ത്രത്തിന് സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഓഗര്‍ മെഷീന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബേസ്‌മെന്റിന് ഇളക്കം തട്ടിയതിനെത്തുടര്‍ന്നും പലവട്ടം രക്ഷാദൗത്യം നിര്‍ത്തിവെച്ചിരുന്നു.
Content Highlights: Uttarkashi tunnel rescue vertical drilling