ആ ചിരി വെറുതേ വന്നതല്ല; ആരവങ്ങള്‍ക്കിടയില്‍ മറന്നുപോകരുത് അതിനിട നല്‍കിയവരെ

Photo | AFP
Photo | AFP

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും കഠിന പ്രയത്‌നങ്ങള്‍ക്കുമൊടുവില്‍ അവര്‍ ഓരോരുത്തരായി തുരങ്കത്തിനു പുറത്തെത്തി. രക്ഷപ്പെട്ടെത്തിയവരുടെ മുഖത്തെല്ലാം തെളിഞ്ഞത് ആശ്വാസത്തിന്റെ വലിയ പൊന്‍തിളക്കം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, കേന്ദ്രമന്ത്രി വി.കെ. സിങ് ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ വരവേല്‍ക്കാനായി തുരങ്കമുഖത്തെത്തിയിരുന്നു. അപായങ്ങളൊന്നുമില്ലാതെ ഓരോരുത്തരായി പുറത്തുവരുന്നതുകണ്ടതോടെ കാത്തുനിന്നവര്‍ക്കും ആശ്വാസം!

പുറത്തെത്തിയ ഉടനെ പുതുവസ്ത്രങ്ങളണിയിച്ചാണ് അവരെ സ്വീകരിച്ചത്. പിന്നാലെ പ്രാഥമിക മെഡിക്കല്‍ പരിശോധനകള്‍ നടത്തി. വേര്‍പാടിന്റെ വേദനതിന്ന്, കുടുങ്ങിപ്പോയവരുടെ കുടുംബങ്ങള്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. തൊഴിലാളികള്‍ ഓരോരുത്തരുടെയും കടന്നുവരവ്, അവിടെ കൂടിനിന്നവരുടെയാകെ ഉത്കണ്ഠകളെ ശമിപ്പിച്ചു. സമ്പൂര്‍ണ വിജയമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ച ഈ രക്ഷാദൗത്യം രാജ്യചരിത്രത്തിലെ മായാത്ത ഒരടയാളമായി നിലനില്‍ക്കുമെന്നുറപ്പ്. 

വെറുതെ വരുന്ന ചിരിയല്ല, കരുതലിന്റെകൂടി അംശമുണ്ടതില്‍

നീണ്ട നാനൂറ് മണിക്കൂറുകള്‍ അതിനകത്ത് കഴിച്ചുകൂട്ടിയതിന്റെ ആശങ്കകളൊന്നുമില്ലാതെ, നിറഞ്ഞ ചിരിയോടെയാണ് അവരെല്ലാവരും പുറത്തുള്ളവരെ അഭിസംബോധന ചെയ്തത്. വെറുതേ വന്ന ചിരിയല്ല അത്. ആ 41 പേരോട് നാളിതുവരെ നാം കാണിച്ച കരുതലിന്റെ മുഴുവന്‍ അടയാളങ്ങളും ആ ചിരികളില്‍ നിഴലിച്ചിരുന്നു. അത്ര കണ്ട് സൂക്ഷ്മതയോടെയാണ് ആ കൂട്ടരെ രാജ്യം ഒന്നടങ്കം പരിപാലിച്ചത്. സാധ്യമായ വിധത്തിലൊക്കെ അവര്‍ക്ക് വേണ്ടത് ചെയ്തുനല്‍കി. ഓക്‌സിജന്‍, ഭക്ഷണം, വെള്ളം, പ്രചോദനം നല്‍കുന്ന വാക്കുകള്‍, ധൈര്യം, സ്ഥൈര്യം... തുടങ്ങി അവരെ ഏതെല്ലാം വിധത്തില്‍ ഉന്മേഷവാന്മാരാക്കി നിര്‍ത്താനാവുമോ അതെല്ലാം ചെയ്തു. 

നാട്ടുകാര്‍ക്കും സന്തോഷം

പാതയെളുപ്പത്തിനായി നിര്‍മിച്ച തുരങ്കം വലിയ വിപത്തിന്റെ കേന്ദ്രമായി മാറിയതിന്റെ സങ്കടത്തിലായിരുന്നു അന്നാട്ടുകാര്‍. കഴിഞ്ഞ പതിനേഴ് ദിവസം മുഴുവന്‍ അവര്‍ അതിന്റെ അസ്വസ്ഥതകളിലാണ് കഴിഞ്ഞിരുന്നത്. ഇന്ന് തൊഴിലാളികള്‍ പുറത്തെത്തിയപ്പോള്‍, പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും മധുരം നല്‍കിയാണ് അവര്‍ ആ സന്തോഷം പ്രകടിപ്പിച്ചത്. 

സന്തോഷത്തിനിടയില്‍ മറക്കരുത്, പുറത്തെ തൊഴിലാളികളെ

തുരങ്കത്തിനകത്തെ തൊഴിലാളികള്‍ രക്ഷപ്പെട്ടു പുറത്തുവരുമ്പോള്‍ മറന്നുപോകരുതാത്ത ഒരു കൂട്ടരുണ്ട്; അകത്തുനിന്ന് അവരെ രക്ഷപ്പെടുത്താന്‍ പുറത്തുനിന്ന് കഠിനമായി പണിയെടുത്ത തൊഴിലാളികള്‍. ഈ രണ്ട് വിഭാഗം തൊഴിലാളികള്‍ കൂടിച്ചേര്‍ന്ന് നടത്തിയതാണ് ഈ രക്ഷാപ്രവര്‍ത്തനമെന്നു പറയാം. പുറത്തുനിന്ന് ആവുംവിധത്തിലെല്ലാമുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍, അകത്തുനിന്ന് മനസ്സാന്നിധ്യം കൈവിടാത്ത പ്രകടനം നടത്തി അവരും പ്രതികരിച്ചു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കി. 

'ഞാന്‍ അവസാനത്തെ പാറ നീക്കി. അവരെ ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ അവരുടെ ഭാഗത്തേക്ക് പോയി. അവര്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു. കഴിഞ്ഞ 24 മണിക്കൂറായി നിരന്തരമായി ജോലിയെടുക്കുകയായിരുന്നു. സന്തോഷം പ്രകടിപ്പിക്കാനാവുന്നില്ല. രാജ്യത്തിനുവേണ്ടി ഞാനിത് ചെയ്തു. അവര്‍ ഞങ്ങള്‍ക്കു നല്‍കിയ ആദരം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല'- റാറ്റ് ഹോള്‍ മൈനിങ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മുന്ന ഖുറേഷി പറയുന്നു.

തൊഴിലാളികള്‍ രാത്രിയെപ്പോലും പകലാക്കി പണിയെടുത്തതിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന സന്തോഷം. അവര്‍ക്ക് വിദഗ്‌ധോപദേശങ്ങളും വേണ്ട നിര്‍ദേശങ്ങളും നല്‍കി സര്‍ക്കാരും വിവിധ രംഗത്തെ വിദഗ്ധരും ഉദ്യോഗസ്ഥരും കൂടെനിന്നു. നീരജ് ഖൈര്‍വല്‍ ഐ.എ.എസിന്റെ മേല്‍നോട്ടത്തിലുള്ള രക്ഷാപ്രവര്‍ത്തനം, വിദഗ്ധനായ ക്രിസ് കൂപ്പറിന്റെ രംഗപ്രവേശം, മുന്‍ ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം, അമേരിക്കന്‍ ആഗര്‍ മെഷിന്‍, അത് പ്രവര്‍ത്തിപ്പിച്ച അര്‍നോള്‍ഡ് ഡിക്‌സ്, റാറ്റ് ഹോള്‍ മൈനിങ് തുടങ്ങി നിരവധി ആളുകളും സാങ്കേതിക ഉപകരണങ്ങളും കൊണ്ട് നേടിയതാണ് ഈ വിജയം.  


 

Content Highlights: uttarakhand tunnel collapse, evacuated after 17 days