യുപി സര്‍ക്കാരിലും പാര്‍ട്ടിയിലും പൊളിച്ചെഴുത്ത് അനിവാര്യം; ബിജെപി. കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളെച്ചൊല്ലി വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പാര്‍ട്ടിഘടകത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനും ബി.ജെ.പി. കേന്ദ്രനേതൃത്വം. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഉപാധ്യക്ഷന്‍ രാധാ മോഹന്‍ സിങ് എന്നിവര്‍ ലഖ്‌നൗവില്‍ സംസ്ഥാനനേതാക്കളുമായി ചര്‍ച്ചനടത്തി. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും നാലുദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തുണ്ട്. മന്ത്രിസഭയിലും പാര്‍ട്ടിയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് സൂചന.
2017-ല്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റശേഷം ആദ്യമായാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രനേതൃത്വം ഇടപെടുന്നത്. സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പ് അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണിത്. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനം, ഏകോപനം, കോവിഡ് പ്രതിരോധ വീഴ്ചകള്‍, ആരോപണങ്ങള്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെയും മേയര്‍മാരുടെയും തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്.
കോവിഡ് നേരിടുന്നതിലുണ്ടായ വീഴ്ചകളെച്ചൊല്ലി പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനശൈലിയിലും വിമര്‍ശനമുണ്ട്. പ്രതിപക്ഷത്തിനൊപ്പം ബി.ജെ.പി. എം.എല്‍.എ.മാരും നേതാക്കളും കോവിഡ് വിഷയത്തില്‍ പ്രത്യക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബി.എല്‍. സന്തോഷും രാധാ മോഹന്‍ സിങ്ങും മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, നേതാക്കള്‍ തുടങ്ങിയവരുമായി വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി.
Content Highlights: