യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിന് പിന്നിൽ അമേരിക്കയുടെ സമ്മർദ്ദമോ?

ന്യൂഡൽഹി: യു.പി.ഐ (UPI), റൂപേ (RuPay) ഇടപാടുകൾക്ക് സേവനനിരക്ക് ഈടാക്കാനുള്ള വാതിൽ തുറന്നുകൊടുത്ത് കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിയമം ഭേദഗതി ചെയ്തിരുന്നു. യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്നും ചാർജ് ഇടാക്കുന്നുവെന്നുവെങ്കിൽ അത് വ്യാപാരികളിൽനിന്ന് മാത്രമേ ഈടാക്കൂവെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പിന്നീട് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും ഭാവിയിൽ ഉപഭോക്താക്കൾക്കുമേൽ ഈ ഭാരം വന്നേക്കുമെന്ന് തന്നെയാണ് സൂചനകൾ.
എന്നാൽ സർക്കാർ ഇപ്പോഴെടുത്ത ഈ തീരുമാനം സംബന്ധിച്ച് ചില സംശയങ്ങളുയർന്നിട്ടുണ്ട്. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിന് പിന്നിൽ അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സമ്മർദ്ദങ്ങളുണ്ടെന്ന ആരോപണമാണ് ഉയർന്നുവരുന്നത്.
വ്യാപാരികളിൽ നിന്നേ ഈടാക്കൂവെന്ന് പറഞ്ഞാലും അവർ വിലകൂട്ടിയോ അല്ലെങ്കിൽ മറ്റ് മാർഗങ്ങളിൽ കൂടി അത് ഉപയോക്താക്കളിൽ നിന്ന് തന്നെ ഈടാക്കുന്ന സാഹചര്യമാകുമുണ്ടാകുകയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. യുപിഐ ഇടപാടുകളിൽ 80 ശതമാനവും ഗൂഗിൾ പേയും ഫോൺ പേയും മുഖാന്തരമാണ് ഇന്ത്യയിൽ നടക്കുന്നത്. സർക്കാർ നീക്കത്തിന് പിന്നിൽ യുഎസ് സമ്മർദമാണെന്നും അതിന് വഴങ്ങുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് അടുക്കന്നതിനിടെയാണ് ഇത്തരമൊരു നീക്കമെന്നതും ആരോപണങ്ങൾക്ക് ബലമേകുന്നു. 2016-ൽ ഇന്ത്യയിൽ സൗജന്യമായി യുപിഐ ഇടപാടുകൾ ആരംഭിച്ചത് കാരണം രാജ്യത്തെ ഉപഭോക്താക്കൾ കാർഡുകൾ ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞിരുന്നു. ഇത് പേയ്‌മെന്റ് വിപണിയിലെ ഇടനിലക്കാരായ വിസ, മാസ്റ്റർകാർഡ് തുടങ്ങിയ യുഎസ് കമ്പനികൾക്ക് വലിയ ബിസിനസ്സ് നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ രണ്ട് കമ്പനികൾ നേരത്തെ ബാങ്കുകളിൽനിന്നും മറ്റും ഫീസ് ഈടാക്കിയാണ് പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ മാർച്ചിൽ അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് നയം വ്യാപാര കരാറിനുള്ള ഒരു തടസ്സമായി ചൂണ്ടിക്കാട്ടുകയും അത് കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 'യുപിഐ സംവിധാനത്തിൽ യുഎസ് ഇലക്ട്രോണിക് പേയ്മെന്റ് സേവന ദാതാക്കൾക്ക് പങ്കെടുക്കാൻ കഴിയാത്തതിനെക്കുറിച്ചുള്ള ആശങ്കകൾ ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്' അമേരിക്കൻ വ്യാപാര പ്രതിനിധി പറഞ്ഞു.
ഇന്ത്യയെ കൂടാതെ ബ്രസീൽ , ഇൻഡോനീഷ്യ, വിയറ്റ്‌നാം, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ആഭ്യന്തര പേയ്‌മെന്റ് സംവിധാനങ്ങൾക്കെതിരെയും അമേരിക്ക സമാനമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ബ്രസീലിൽ 'പിക്‌സ്' എന്നറിയപ്പെടുന്ന, കുറഞ്ഞ ചെലവിൽ തൽക്ഷണം പണം കൈമാറാൻ സഹായിക്കുന്ന സംവിധാനം കൊണ്ടുവന്നതിനെ തുടർന്ന് അവർക്ക് യുഎസ് 25 ശതമാനം തീരുവ ചുമത്തിയിരുന്നു.
Content Highlights: Government amendment opens door for potential UPI/RuPay transaction fees., Finance Minister clarifies consumer exemption, but future burdens remain possible., Allegations of US pressure regarding market access for Visa and Mastercard., US trade concerns over India's digital payment dominance since 2016., Global context: Similar US trade actions against Brazil, Indonesia, and Vietnam.