പഹൽഗാം സംഭവത്തിന് പിന്നിൽ പാകിസ്താൻ, നയതന്ത്ര നടപടികൾ രാഷ്ട്രപതിയെ ധരിപ്പിച്ച് കേന്ദ്രമന്ത്രിമാർ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ ധരിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്. പഹൽഗാം സംഭവത്തിന് പിന്നിൽ പാകിസ്താൻ ആണെന്നും ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികളും മന്ത്രിമാർ രാഷ്ട്രപതിയെ അറിയിച്ചു. ഭീകരാക്രമണത്തിൽ പാകിസ്താനുള്ള പങ്ക് വിവിധ രാജ്യങ്ങളോടും ഇന്ത്യ വിശദീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെത്തിയ യുകെ, റഷ്യ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരോട് ഭീകരാക്രമണം സംബന്ധിച്ച വിശദാംശങ്ങൾ ഇന്ത്യ പങ്കുവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് ഇന്ത്യ നീങ്ങിയിരിക്കുകയാണ്. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും ഏപ്രിൽ 27നുള്ളിൽ നാടുവിടണമെന്ന് ഇന്ത്യ നിർദേശം നൽകി. പാക് പൗരന്മാർക്ക് ഇന്ത്യയിലെത്തുന്നതിന് നൽകിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കി. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികൾക്ക് നൽകിയ മെഡിക്കൽ വിസകളുൾപ്പെടെ റദ്ദാക്കുകയും മെഡിക്കൽ വിസയിലെത്തിയവർ ഏപ്രിൽ 29-നകം രാജ്യം വിടണമെന്നും നിർദേശം നൽകി. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള ഇന്ത്യയ്ക്കാരുടെ യാത്രയും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം പാകിസ്താനെതിരെ ഇന്ത്യ കർശന നടപടികളിലേക്ക് നീങ്ങിയതിന് പിന്നാലെ പ്രകോപനപരമായ നടപടികളിലേക്ക് പാകിസ്താനും നീങ്ങി. നദീജലകരാർ റദ്ദാക്കിയത് യുദ്ധ സമാനമാണെന്ന് പാകിസ്താൻ ആരോപിച്ചു. ഷിംല കരാറടക്കമുള്ള എല്ലാ ഉഭയ കക്ഷി കരാറുകളിൽ നിന്ന് പിന്മാറാനും പാകിസ്താൻ തീരുമാനിച്ചു. പാക് വ്യോമാതിർത്തി അടയ്ക്കുന്നതിനും ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്താൻ ഭരണകൂടം തീരുമാനമെടുത്തതായാണ് വിവരം. 2019 ൽ പുൽവാമ ആക്രമണത്തിന് ശേഷവും പാകിസ്താൻ സമാന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാക് വ്യോമാതിർത്തി അടയ്ക്കുന്നതെന്നാണ് സൂചന.
Content Highlights: Union ministers apprise President of Pakistan's role in Pahalgam incident, including diplomatic meas