ഒരു ലക്ഷ്മണരേഖയുണ്ട്, അത് മറികടക്കരുത്; സുപ്രീംകോടതി വിധിയില്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ച ഉത്തരവില്‍ സുപ്രീംകോടതിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള ഉദ്ദേശ്യത്തെക്കുറിച്ച് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ, എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്. കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണസഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇക്കാര്യത്തില്‍ കൃത്യമായ അതിര്‍വരമ്പുണ്ടെന്നും ആ ലക്ഷ്മണരേഖ ആരും മറികടക്കാന്‍ പാടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കോടതിയുടെ ഉത്തരവ് തെറ്റായോ എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ബുധനാഴ്ചയാണ് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയത്. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
രാജദ്രോഹക്കുറ്റത്തിന്റെ പുനഃപരിശോധന നടക്കുന്നതിനാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.
124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ബുധനാഴ്ച സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
നിലവില്‍ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. 124 എ-യുടെ പുനഃപരിശോധന നടക്കുന്നതു വരെയാണ് ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.
Content Highlights: union law minister kiren rijiju response about supreme court decision on sedition law