യുകെയില്‍ ‘ആധാര്‍’ പദ്ധതിയോ?; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചകളിലൊന്ന് UIDAIയുടെ ചെയര്‍മാനുമായി

കെയ്ര്‍ സ്റ്റാര്‍മര്‍ | Photo : AFP
കെയ്ര്‍ സ്റ്റാര്‍മര്‍ | Photo : AFP

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആദ്യ കൂടിക്കാഴ്ച നടത്തിയവരില്‍ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ നന്ദന്‍ നിലേകനിയും. ആധാറിന്റെ മാതൃകയില്‍ യുകെ പൗരര്‍ക്കായി ഡിജിറ്റല്‍ ഐഡി സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്‍ഫോസിസുമായി വാണിജ്യപരമായ ഇടപാടിന് ആലോചനയില്ലെന്നും പദ്ധതിയുടെ സ്വന്തം പതിപ്പ് നിര്‍മിക്കാനാണ് യുകെ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

യുകെയില്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നതിന് ജനപിന്തുണ കുറവാണ്. കൂടാതെ പ്രതിപകക്ഷികള്‍ പദ്ധതിയില്‍ എതിര്‍പ്പ് പ്രകടമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സ്റ്റാര്‍മര്‍ തന്റെ പദ്ധതിയെ കുറിച്ച് ശുഭാപ്തി വിശ്വാസം പങ്കുവെച്ചിരുന്നു.'ഐഡി കാര്‍ഡ് സംവിധാനം നടപ്പിലാക്കി വന്‍ വിജയം കൈവരിച്ച ഇന്ത്യയിലേക്കാണ് ഞങ്ങള്‍ പോകുന്നത്. അതുകൊണ്ട് എന്റെ കൂടിക്കാഴ്ചകളിലൊന്ന് അതുമായി ബന്ധപ്പെട്ട് ആശയത്തെക്കുറിച്ചായിരിക്കും', ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡിജിറ്റല്‍ ഐഡിക്കായി ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കാന്‍ യുകെയിലെ സംവിധാനത്തില്‍ പദ്ധതിയില്ലെന്നാണ് വിവരം.

ബ്രിട്ടീഷ് പൗരര്‍ക്കും യുകെയിലെ സ്ഥിരതാമസക്കാര്‍ക്കും ജോലി ലഭിക്കുന്നതിന് നിര്‍ബന്ധിത ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ആവശ്യമായി വരുമെന്ന് സെപ്റ്റംബറില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നു. അനധികൃത കുടിയേറ്റം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം, ക്ഷേമം, ശിശുപരിപാലനം, മറ്റ് പൊതുസേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നത് ജനങ്ങള്‍ക്ക് എളുപ്പമാക്കാനും ഡിജിറ്റല്‍ ഐഡി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ സാധാരണ പൗരര്‍ക്ക് നിര്‍ബന്ധിത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. അത്തരം ഒരു ഐഡി വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാക്കുന്നുവെന്നുമാണ് പൗരാവകാശ പ്രവര്‍ത്തകരുടെ വാദം. മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ബയോമെട്രിക് ഐഡി കാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊതുജനതയുടെയും പാര്‍ലമെന്റിന്റെയും എതിര്‍പ്പ് ആ പദ്ധതിയെ തകിടം മറിക്കുകയാണുണ്ടായത്.

Content Highlights: British PM Keir Starmer meets Nandan Nilekani to discuss a digital ID system for UK citizens, inspired by India`s Aadhaar. Discussions aim for a UK-developed version, not a direct Infosys deal.