റോഡ് വീതികൂട്ടൽ: മസ്ജിദിന്റെ ഒരുഭാഗം പൊളിക്കാൻ നീക്കം, ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി; ഉജ്ജയ്നിൽ സംഘർഷം

#ന്യൂസ് ഡെസ്‌ക്
സ്ഥലത്തെ പോലീസ് വിന്യാസം | Photo: ANI
സ്ഥലത്തെ പോലീസ് വിന്യാസം | Photo: ANI

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഷാഹി മസ്ജിദിന്റെ ഒരുഭാഗം പൊളിക്കാനുള്ള നീക്കത്തിനെതിരേ സംഘർഷം. ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി. സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. തുടർന്ന് ഷാഹി മസ്ജിദ് സമുച്ചയത്തിന്റെ പരിസരത്ത് പോലീസ് വിന്യാസം ശക്തമാക്കി. പൊളിച്ചുനീക്കൽ തത്കാലത്തേക്ക് നിർത്തിവെക്കുകയും ചെയ്തു.

2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് റോഡ് വീതികൂട്ടൽ. റോഡിന്റെ വീതി 15 മീറ്ററാക്കാനാണ് ഉജ്ജയ്ൻ മുൻസിപ്പൽ കോർപറേഷൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയാണ് ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ ഒരുങ്ങുന്നത്. മസ്ജിദിന്റെ പ്രാർഥനാഹാളിന്റെ ഭാഗം, 120 അടി ഉയരമുള്ള മിനാരം ഉൾപ്പെടെയാണ് പൊളിച്ചുനീക്കാൻ ഉദ്ദേശിക്കുന്നത്.

തിരിച്ചറിയാൻ കഴിയാത്ത ചിലർ കല്ലേറ് നടത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതെന്നാണ് വിവരം. തുടർന്ന് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു. ആർഎഎഫിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മസ്ജിദിന്റെ അഞ്ഞൂറ് മീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ പോലീസ് ബാരിക്കേഡ് വിന്യസിക്കുകയും പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: Clashes broke out in Ujjain, Madhya Pradesh, over the proposed demolition of part of the Shahi Masjid for road widening., The road widening is part of preparations for the Simhastha Kumbh scheduled for 2028., Police used tear gas and deployed the Rapid Action Force (RAF) after stone-pelting was reported., Demolition work has been temporarily suspended and heavy police deployment remains in the area.