‘90 ചോദ്യങ്ങളും സമാനം, വിറ്റത് 2.25 ലക്ഷത്തിന്’; NET ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാരിനെതിരേ രാഹുൽ

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: ANI
രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ആഴ്ച നടന്ന യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു.

രാഹുലിന്റെ എക്സ് കുറിപ്പ്:

‘നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശേഷം ഏതാനും ആഴ്ചകൾക്കിപ്പുറം ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നു,

-യുജിസി നെറ്റ് പരീക്ഷയ്ക്ക് തൊട്ടുമുൻപ് 100 പേജുള്ള ഒരു പിഡിഎഫ് പ്രചരിച്ചിരുന്നു.
-ഈ പിഡിഎഫിൽനിന്നുള്ള 90 ശതമാനം ചോദ്യങ്ങളും യഥാർഥ സോഷ്യോളജി ചോദ്യപേപ്പറിലെ ചോദ്യങ്ങളോട് സമാനമാണ്.

-ഇതേ ചോദ്യപേപ്പർ ബിഹാർ, ഉത്തർ പ്രദേശ്, ഹരിയാണ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 2.25 ലക്ഷം രൂപയ്ക്ക് വിൽക്കപ്പെട്ടിരുന്നു.

-വരാനിരിക്കുന്ന സിഎസ്‌ഐആർ-നെറ്റ്, എച്ച്ടിഇടി, എഡിഎ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ ലഭ്യമാക്കാമെന്ന് ഇതേ ശൃംഘലകൾ അവകാശപ്പെടുന്നു.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ആവർത്തിച്ചുള്ള തട്ടിപ്പുകൾക്കു ശേഷവും മോദിസർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുകയും സുഖസുഷുപ്തിയിലാണ്ടിരിക്കുകയുമാണ്. കാരണം ലക്ഷക്കണക്കിന് കുട്ടികളുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാനം അവരെ സംബന്ധിച്ച് യാതൊരു വിലയുമുള്ളതല്ല.

പ്രധാനമന്ത്രിയിൽനിന്നോ വിദ്യാഭ്യാസമന്ത്രിയിൽനിന്നോ ഏതെങ്കിലും ഉത്തരവാദിത്വമോ നടപടിയോ പ്രതീക്ഷിക്കുന്നത് നിഷ്ഫലമാണെന്ന് ഈ രാജ്യത്തിനു മൊത്തം അറിയാം. ഒരു അന്വേഷണവും നടക്കില്ല, ഒരു വിദ്യാർഥിക്കും നീതിയും ലഭിക്കില്ല. മാറ്റംവരുത്താനുള്ള ഏക ഉപാധി നമ്മുടെ കൂട്ടായ ശബ്ദം മാത്രമാണ്- രാജ്യമെമ്പാടുമുള്ള വിദ്യാർഥികളുടെ ഈ പ്രതിധ്വനി രാജ്യത്ത് വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരും’, രാഹുൽ എക്‌സിൽ കുറിച്ചു.

യു.ജി.സി. നെറ്റ് പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പർ സാമൂഹികമാധ്യമങ്ങളിൽ പി.ഡി.എഫ് ആയി പ്രത്യക്ഷപ്പെട്ടെന്നാണ് ഉയർന്ന ആരോപണം. ചോദ്യപേപ്പറിലെ ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്ന് പരീക്ഷാർഥികൾ ആരോപിച്ചു. 

നൂറു ചോദ്യങ്ങളടങ്ങുന്ന ചോദ്യപേപ്പറാണ് പുറത്തുവന്നത്. ഇതിൽ 96 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ആവർത്തിച്ചിരുന്നുവെന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാണ, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ 2.5 ലക്ഷം രൂപയ്ക്കാണ് ഈ ചോദ്യങ്ങളടങ്ങിയ പി.ഡി.എഫ്. ഫയൽ വിറ്റിരുന്നതെന്നും ആരോപണമുണ്ട്.

എന്നാൽ, ചോദ്യപേപ്പർ ചോർച്ച എൻ.ടി.എ. നിഷേധിച്ചു. ചോദ്യപേപ്പർ പുറത്തുവന്നത് പരീക്ഷ നടന്ന് ആറുദിവസത്തിന് ശേഷമാണെന്നും ചോർന്നിട്ടില്ലെന്നുമാണ് എൻ.ടി.എ.യുടെ വിശദീകരണം.

Content Highlights: Allegations of a 100-page PDF containing 90% matching questions circulating before the exam., Question papers reportedly sold for 2.25 lakh in multiple Indian states., Rahul Gandhi criticizes the government's inaction regarding recurring exam scams., Concerns raised over upcoming CSIR-NET, HTET, and ADA examinations.