‘കസ്റ്റഡി കോമഡിയായി തോന്നുന്നു, പറയാത്ത കാര്യത്തിന് കേസ്’; പ്രതികരിച്ച് ഉദയനിധി

ചെന്നൈ: അധിക്ഷേപ പരാമർശത്തിൽ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ. ‘ഇതൊക്കെ കോമഡിയായി തോന്നുന്നു’ എന്നായിരുന്നു പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഉദയനിധി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. താനങ്ങനെ പറഞ്ഞിട്ടില്ല, പറയാത്തത് അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആരുടെയും പേര് പറഞ്ഞിട്ടില്ല. മോശം അർഥവും ഉദ്ദേശിച്ചില്ല. ഇതിന്റെ പരിണിതഫലങ്ങൾ നേരിടാൻ തയ്യാറാണ്. അറസ്റ്റിനെ ഭയക്കുന്നില്ല’-ഉദയനിധി പറഞ്ഞു.
ഇന്ന് രാവിലെയാണ് അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയിനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നുച്ചയ്ക്ക് ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസ് നടപടി. ഡിഎംകെ പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് ഉദയനിധിയെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് സൂചനകൾ.
കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം. തൃഷയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ദ്വയാർഥ പരാമർശം നടത്തിയെന്നാണ് ടിവികെ പ്രവർത്തകർ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlights: Udhayanidhi Stalin detained by Thanjavur police., Allegations involve derogatory remarks during a Cauvery water dispute protest., Stalin denies the accusations, labeling the custody as a comedy., Detention occurred ahead of a scheduled anticipatory bail hearing.