‘15 കോടിവീതം വിലയിട്ടു, എംപിമാരെ റാഞ്ചാൻ ഷിന്ദേ പക്ഷത്തിന്റെ നീക്കം’; ആരോപണവുമായി സഞ്ജയ് റാവുത്ത്

#ന്യൂസ് ഡെസ്ക്
ഉദ്ധവ് താക്കറെ, സഞ്ജയ് റാവുത്ത് | Photo: PTI
ഉദ്ധവ് താക്കറെ, സഞ്ജയ് റാവുത്ത് | Photo: PTI

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ 2022-ൽ ഉണ്ടായ പിളർപ്പിന് സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കുന്നതായി റിപ്പോർട്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ (യു.ബി.ടി) നിന്ന് പാർലമെന്റ് അംഗങ്ങളെ പണംനൽകി വിലയ്ക്കെടുക്കാൻ നീക്കം നടക്കുന്നുവെന്ന് രാജ്യസഭാ എം.പി സഞ്ജയ് റാവുത്ത് ആരോപിച്ചു. ഓരോ എം.പിക്കും 15 കോടി രൂപ വീതം ഷിന്ദേപക്ഷം വാഗ്ദാനംചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതും അറപ്പുളവാക്കുന്നതുമായ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

എംപിമാരെ ചാക്കിട്ടുപിടിക്കാൻ ചാർട്ടേഡ് വിമാനങ്ങൾവരെ ഉപയോഗിക്കുന്നെന്ന മറ്റൊരു ആരോപണവും സഞ്ജയ് റാവുത്ത് ഉന്നയിച്ചിട്ടുണ്ട്. നന്ദേഡ് വിമാനത്താവളത്തിൽനിന്ന് രണ്ട് എംപിമാരെ കൊണ്ടുപോകാനായി സ്വകാര്യ വിമാനം അയച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു റിക്ഷായാത്രയ്ക്ക് പോലും വകയില്ലാത്തവരായിരുന്നു വിമതർ എന്നും, താക്കറെ എന്ന പേരിന്റെ കരുത്തിലാണ് ഇവർ ചാർട്ടേഡ് വിമാനത്തിൽ യാത്രചെയ്യാൻ പാകത്തിൽ വളർന്നതെന്നും റാവുത്ത് പരിഹസിച്ചു. ബിജെപിയും ഷിന്ദേ പക്ഷവും പണം വാഗ്ദാനം ചെയ്താലും ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവർ കൂറുമാറില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ആറ് എംപിമാർ മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഇതിനുപുറമെ രാജാഭൗ വാജെയും ഇവർക്കൊപ്പം ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ ഉദ്ധവ് താക്കറെ തന്റെ വസതിയിൽ വിളിച്ച യോഗത്തിൽനിന്ന് അഞ്ച് എംപിമാർ വിട്ടുനിന്നത് ഈ സംശയങ്ങൾക്ക് ആക്കംകൂട്ടി. ആദിത്യ താക്കറെയുടെ ജന്മദിനാഘോഷങ്ങളിൽനിന്ന് ഇതേ അഞ്ച് എംപിമാർ വിട്ടുനിന്നിരുന്നു.

വിമത എംപിമാർ ഡൽഹിയിൽ ഏകനാഥ് ഷിന്ദേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്ദേയുടെ വസതിയിൽവെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ഇവർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാനാണ് സാധ്യത. ഇതിനുശേഷം ഇവർ ഷിന്ദേ പക്ഷവുമായി ലയിച്ചേക്കും.

പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുൻപായി തൃണമൂൽ മാതൃകയിൽ ഉദ്ധവിന്റെ പാർട്ടിയിൽനിന്ന് എം.പി.മാർ എൻഡിഎ ക്യാമ്പിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഏക്നാഥ് ഷിന്ദേപക്ഷത്തെ നേതാവും എം.എൽ.സി.യുമായ കൃപാൽ തുമാനെ പറഞ്ഞു. ഉദ്ധവ്പക്ഷത്ത് ഒൻപത് എം.പി.മാരാണുള്ളത്. അവരിൽ ഏഴുപേർ ഷിന്ദേപക്ഷത്തേക്ക് മാറാൻ നീക്കംനടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ നീക്കം കണ്ടറിഞ്ഞ് ഉദ്ധവ് ഞായറാഴ്ച എം.പി.മാരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. അവരിൽ നാലുപേർ മാത്രമാണെത്തിയത്. മറ്റുള്ളവർ ഓൺലൈനിലൂടെ പങ്കെടുക്കുകയായിരുന്നു.

പാർട്ടിയോട് കൂറുപുലർത്തുന്നവർ മാത്രം കൂടെനിന്നാൽ മതിയെന്നും ആരേയും നിർബന്ധിച്ച് നിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും യോഗത്തിൽ ഉദ്ധവ് താക്കറേ പറഞ്ഞു. 2022-ൽ ഷിന്ദേ നടത്തിയ നീക്കം താൻ അറിഞ്ഞിരുന്നെന്നും ഉദ്ധവ് യോഗത്തിൽ വെളിപ്പെടുത്തിയിരുന്നു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പാർട്ടികളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പി. പ്രവണത ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.

Content Highlights: Sanjay Raut alleges Rs 15 crore poaching attempts on Uddhav Sena MPs.