മോദിയെ അഭിനന്ദിച്ചും ആശംസകളറിയിച്ചും UAE പ്രസിഡന്റ് ; ഫോൺകോളിൽ നിറഞ്ഞത് സൗഹൃദവും തന്ത്രപ്രധാന ചർച്ചകളും

#ന്യൂസ് ഡെസ്ക്
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും (ഫയല്‍ചിത്രം) | Photo: AFP
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും (ഫയല്‍ചിത്രം) | Photo: AFP

ദുബായ്: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് 76-ാം ജന്മദിനാശംസകളറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ കേന്ദ്രീകരിച്ച് നേതാക്കൾ ചർച്ചനടത്തി. ഊർജം, പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നടപടികളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബ്രിക്‌സ് ഉച്ചകോടി വിജയകരമായി പൂർത്തിയാക്കിയതിൽ യു.എ.ഇ. പ്രസിഡന്റ് പ്രധാനമന്ത്രിയെ അഭിനന്ദനമറിയിച്ചു. ഉച്ചകോടിയിൽ യു.എ.ഇ. കിരീടാവകാശി ഷെയ്ഖ് ഖാലിദ് പങ്കെടുത്തതിനും ഉഭയകക്ഷി സഹകരണത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പശ്ചിമേഷ്യൻ സ്ഥിതിഗതികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ തുടർന്നും ഒന്നിച്ചുപ്രവർത്തിക്കുമെന്ന പ്രതിജ്ഞാബദ്ധത ഇരുവരും ആവർത്തിച്ചു. സംഭാഷണവിവരങ്ങൾ മോദി എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള വിവിധ നേതാക്കളിൽനിന്ന് ആശംസകൾ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെ 25 വർഷത്തെ പൊതുസേവനത്തെയും ഭരണമികവിനെയും പ്രകീർത്തിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു വ്യാഴാഴ്ചതന്നെ ആശംസകളറിയിച്ചിരുന്നു.