ജഗന് തിരിച്ചടി; രണ്ട് രാജ്യസഭാ എം.പിമാര്‍ രാജിവെച്ച് ടി.ഡി.പിയിലേക്ക്‌

ചന്ദ്രബാബു നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡി - ഫോട്ടോ:പി.ടി.ഐ
ചന്ദ്രബാബു നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡി - ഫോട്ടോ:പി.ടി.ഐ

ഹൈദരാബാ​ദ്: വൈ.എസ്.ആർ കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എ.പിമാർ രാജ്യസഭാം​ഗത്വം രാജിവെച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താൻ റാവു എന്നിവരാണ് പാർട്ടിയെ വെട്ടിലാക്കി രാജി സമർപ്പിച്ചത്. ഇരുവരുടെയും രാജി രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻകർ സ്വീകരിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ടുചെയ്തു. 

രാജ്യസഭയിൽ വെങ്കട്ടരമണയുടെ കാലാവധി 2026 ജൂണിലും മസ്താൻ റാവുവിന്റേത് 2028 ജൂണിലുമായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. രാജിയോടെ രാജ്യസഭയിൽ വൈ.എസ്.ആർ.സി.പിയുടെ അം​ഗബലം ഒൻപതായി ചുരുങ്ങി. ലോക്സഭയിൽ നാല് സീറ്റാണ് പാർട്ടിക്കുള്ളത്.

രാജിവെച്ച രണ്ട് എം.പിമാരും അടുത്തിടെ ടി.ഡി.പി അധ്യക്ഷനും അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയെന്നും ടി.ഡി.പിയിൽ ചേരാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെങ്കട്ടരമണയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാമെന്ന ധാരണയിലും മസ്താൻ റാവു ഉപാധികളൊന്നും കൂടാതെയുമാണ് ടി.ഡി.പിയിൽ ചേരുന്നത് എന്നാണ് വിവരം. വിവിധ വിഷയങ്ങളിൽ വൈഎസ്ആർസിപി പ്രസിഡന്റ് ജഗൻ മോഹൻ റെഡ്ഡിയുടെ നിലപാടുകളിലുള്ള കടുത്ത അമർഷമാണ് എം.പിമാരുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. 

കെ.കിരൺകുമാർ റെഡ്ഡി, വൈ.എസ്. രാജശേഖരറെഡ്ഡി സർക്കാരുകളിൽ മന്ത്രിയും രണ്ട് തവണ എം.എൽ.എയും ആയിരുന്ന ആളാണ് രാജിവെച്ച മോപിദേവി വെങ്കട്ടരമണ റാവു. ജഗൻ മോഹൻ റെഡ്ഡിയുടെ വിശ്വസ്തനുമാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു ഇദ്ദേഹം. മുമ്പ് കോൺ​ഗ്രസുകാരനായിരുന്നു. 

ആന്ധ്രാ രാഷ്ട്രീയത്തിൽ ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് രാജിവെച്ച രണ്ടാമനായ ബീത മസ്താൻ റാവു. മുമ്പ് ടി.ഡി.പിക്കൊപ്പമായിരുന്ന ഇദ്ദേഹം 2009 മുതൽ 2014 വരെ കാവാലി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയിരുന്നു. 2019-ൽ ആയിരുന്നു വൈ.എസ്.ആർ.സി.പി പ്രവേശം.വൻകിട വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ചെമ്മീൻ കയറ്റുമതി കമ്പനികളിൽ ഒന്നായ ബി.എം.ആർ ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനുമാണ്. 

അതേസമയം, കുറഞ്ഞത് ആറ് വൈ.എസ്.ആർ.സി.പി രാജ്യസഭാ എം.പിമാർകൂടി ഇനിയും പുറത്തുവരുമെന്നും ഇവരിൽ ചിലർ ടി.ഡി.പിയിലും മറ്റുള്ളവർ ബി.ജെ.പിയിലും ചേരുമെന്നും ടി.ഡി.പി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തു.  എം.പിമാരുടെ കൂറുമാറ്റത്തോടെ വീണ്ടും രാജ്യസഭാ പ്രവേശം ലക്ഷ്യമിടുകയാണ് ടി.ഡി.പി. 2019 മുതൽ ആന്ധ്രയിൽനിന്നുള്ള 11 രാജ്യസഭാ സീറ്റിലും ജഗന്റെ പാര്‍ട്ടി പ്രതിനിധികളായിരുന്നു.


 

Content Highlights: Two YSRCP Rajya Sabha MPs quit