വിമാനം പുറപ്പെടുംമുമ്പ് സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി, കോക്പിറ്റിൽ ഇടിച്ചുകയറാൻ ശ്രമം; ഇറക്കിവിട്ടു

സ്‌പെയ്‌സ് ജെറ്റ് വിമാനം
സ്‌പെയ്‌സ് ജെറ്റ് വിമാനം

ന്യൂഹഡല്‍ഹി: കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍നിന്ന് രണ്ട് വനിതാ യാത്രക്കാരെ ഇറക്കിവിട്ടു. ഇവരെ പിന്നീട് സിഐഎസ്എഫിന് കൈമാറുകയും ചെയ്തു. ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പറന്നുയരുന്നതിനായി വിമാനം നീങ്ങിക്കൊണ്ടിരിക്കെയാണ് സംഭവവികാസങ്ങള്‍. തുടര്‍ന്ന് വിമാനം ടെര്‍മിനലിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നു.

വിമാനം നീങ്ങിക്കൊണ്ടിരിക്കെ തര്‍ക്കത്തിലേര്‍പ്പെട്ടവരോട് സീറ്റിലിരിക്കാന്‍ സഹയാത്രികരും കാബിന്‍ ക്രൂവും പറഞ്ഞിട്ടും അനുസരിച്ചില്ല. തുടര്‍ന്ന് പൈലറ്റ് അനൗണ്‍സ്‌മെന്റ് നടത്തി. എന്നിട്ടും അടങ്ങാത്തതിനെ തുടര്‍ന്ന് വിമാനം ബേയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഏജന്‍സിക്ക് ഇവരെ കൈമാറുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം വിമാനം വൈകി.

ഉച്ചയ്ക്ക് 12.30-ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകീട്ട് 7.21-നാണ് യാത്രതിരിച്ചത്. മറ്റു യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് വിമാനം ബേയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നതെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

'പുറപ്പെടുന്നതിന് തൊട്ടുമുമ്പ് SG 9282 എന്ന വിമാനത്തിലാണ് സംഭവം നടന്നത്. കാബിന്‍ ക്രൂ, സഹയാത്രികര്‍, ക്യാപ്റ്റന്‍ എന്നിവരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച്, ഇവര്‍ സീറ്റുകളിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയും വിമാനത്തിനുള്ളില്‍ ശല്യമുണ്ടാക്കുകയും ചെയ്തു. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്, ക്യാപ്റ്റന്‍ വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഈ രണ്ട് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്താക്കുകയും തുടര്‍ നടപടികള്‍ക്കായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (CISF) കൈമാറുകയും ചെയ്തു', സ്പൈസ് ജെറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

വിമാനം ടേക്ക് ഓഫിനായി നീങ്ങുമ്പോള്‍  ഇരുവരും കോക്ക്പിറ്റിലേക്ക് ബലം പ്രയോഗിച്ച് കടക്കാന്‍ ശ്രമിക്കുകയും തടസ്സമുണ്ടാക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Content Highlights: Two unruly passengers on Delhi-Mumbai SpiceJet flight attempt to enter cockpit forcefully, offloaded