2 ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ ഗുജറാത്തില്‍ ക്യാമ്പസുകള്‍ ആരംഭിക്കും-കേന്ദ്രമന്ത്രി

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയറും | Photo : ANI
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയറും | Photo : ANI

ന്യൂഡല്‍ഹി: രണ്ട് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ ഗുജറാത്തില്‍ ക്യാമ്പസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ബുധനാഴ്ച അറിയിച്ചു. വിലുങ്‌ഗോങ്, ഡീക്കന്‍ എന്നീ സര്‍വകലാശാലകളാണ് ഗുജറാത്തിലെ 'ഗിഫ്റ്റ് സിറ്റി'യില്‍ ക്യാമ്പസുകള്‍ ആരംഭിക്കുന്നത്. അടുത്തയാഴ്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനവേളയില്‍ ഇരു സര്‍വകലാശാലകളും ഇതുസംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെക്കും. 

നാല് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയര്‍ പങ്കെടുത്ത പ്രത്യേകപരിപാടിയിലാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള വെങ്കിടേശ്വര കോളേജിലായിരുന്നു പരിപാടി. രാജ്യത്തെ യുവജനതയ്ക്ക് മികച്ച വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനും പ്രദാനം ചെയ്യുന്നതിനുമായി ഓസ്‌ട്രേലിയയുമായി പങ്കാളിത്തമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഓസ്‌ട്രേലിയന്‍ ക്യാമ്പസുകള്‍ ആരംഭിക്കുമെന്നും പ്രധാന്‍ വ്യക്തമാക്കി. 

ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും വിലുങ്‌ഗോങ് സര്‍വകലാശാലയുടെ ബ്രാന്‍ഡ് അംബാസഡറുമായ ആദം ഗില്‍ക്രിസ്റ്റ്  ഇന്ത്യയില്‍ സര്‍വകലാശാല ക്യാമ്പസുകള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാവിധ സഹായവും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി ജേസണ്‍ ക്ലെയര്‍ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പൊതുവായ ചില സംഗതികളുണ്ടെന്ന് പ്രധാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളുടേയും വലിപ്പത്തില്‍ വ്യത്യാസമുണ്ടെങ്കിലും നയതന്ത്രരീതികളും അഭിലാഷങ്ങളും സമാനമാണെന്ന് പറഞ്ഞ പ്രധാന്‍ കഴിഞ്ഞ 50 കൊല്ലമായി ഓസ്‌ട്രേലിയയുടെ വികസനം താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. 

വിദ്യാഭ്യാസരംഗത്തും നൈപുണ്യവികസനത്തിലും പ്രവൃത്തിപരിചയപരിശീലനത്തിലും ഏറെ പുരോഗതി കൈവരിച്ച ഓസ്‌ട്രേലിയയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഈ വിഷയങ്ങളില്‍ പുറകില്‍ നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ ആഗ്രഹിക്കുന്നതായും പ്രധാന്‍ പറഞ്ഞു. 

Content Highlights: Two Australian Universities To Set Up Campuses In Gujarat, Dharmendra Pradhan