‘തമിഴ് തായ് വാഴ്ത്തി’നെ അവഗണിച്ചു; വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിവാദം

#മാതൃഭൂമി ന്യൂസ്
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ | PHOTO: REUTERS
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ | PHOTO: REUTERS

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാടിന്റെ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്തി’നെ അവഗണിച്ചെന്ന ആരോപണവുമായി ഡിഎംകെയും സിപിഐയും. ചടങ്ങിന്റെ തുടക്കത്തിലും ഒടുക്കത്തിലും വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചപ്പോൾ തമിഴ് തായ് വാഴ്ത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു. ചടങ്ങിൽ ദേശീയ ഗാനത്തിന് മുന്നേയാണ് വന്ദേമാതരം ആലപിച്ചത്.

തമിഴ്നാട്ടിൽ ആദ്യമായാണ് ഒരു സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിനെ തഴഞ്ഞ് വന്ദേമാതരത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്നതെന്ന് ഇരുവിഭാഗവും ചൂണ്ടിക്കാട്ടി. ഇതാണോ വിജയ് തമിഴ്നാട്ടിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാറ്റമെന്ന് ഡിഎംകെ പരിഹസിച്ചു. നടപടി ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും അവർ പറയുന്നു.

വന്ദേമാതരം സംഘപരിവാർ അജണ്ടയുടെ ഭാഗമായി ഉപയോഗിക്കുകയാണെന്ന നിലപാടാണ് ഡിഎംകെയും സിപിഐയ്ക്കും ഉള്ളത്. തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഓരോ ചടങ്ങിലും ദേശീയ ഗാനത്തിന് തുല്യമായ പ്രാധാന്യമാണ് തമിഴ് തായ് വാഴ്ത്തിന് നൽകുന്നതെന്നും തമിഴ് സ്വത്വവുമായി ഇത്രയേറെ ഇഴചേർന്നുനിൽക്കുന്ന ഗാനത്തോട് കാട്ടിയ അവഗണനയിൽ സർക്കാർ വിശദീകരണം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 28-ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1950-ൽ ഭരണഘടനാ അസംബ്ലി അംഗീകരിച്ച രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന രീതിക്ക് പകരമാണിത്. ഇത് സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് സർക്കാർ പൂർണമായും നടപ്പിലാക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഗാനാലാപനം നടന്നത് എന്നതും ശ്രദ്ധേയമാണ്. വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് നിർബന്ധമാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്. വിവാദത്തിൽ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: TVK party ceremony excluded the state anthem 'Tamil Thai Vazhthu'., Vande Mataram was performed instead, triggering accusations of Sangh Parivar alignment., DMK and CPI demand an official explanation from Vijay., The incident violates traditional political event protocols in Tamil Nadu.