‘സവർക്കർ 2.0’- സ്റ്റാലിനെ വിമർശിച്ച് ടി.വി.കെ.; ലോക്സഭയിൽ ഡിഎംകെയുടെ ഇരിപ്പിടത്തിനും മാറ്റം

#ന്യൂസ് ഡെസ്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം | ഫോട്ടോ - എ.എൻ.ഐ.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം | ഫോട്ടോ - എ.എൻ.ഐ.

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണയറിയിച്ച ഡി.എം.കെ.യുടെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി തമിഴക വെട്രി കഴകം (ടി.വി.കെ.). പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനെ സവർക്കർ 2.0 എന്ന് ടി.വി.കെ വിശേഷിപ്പിച്ചു. ടി.വി.കെ.യുടെ ഐ.ടി. വിഭാഗം സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച ചിത്രത്തിലാണ് 'സ്റ്റാലിൻ എന്ന സവർക്കർ 2.0' പരാമർശമുള്ളത്.

അടുത്ത 25 വർഷത്തേക്ക് തമിഴ്‌നാടിന്റെ പാർലമെന്റിലെ പ്രാതിനിധ്യം സംരക്ഷിക്കുന്നതിൽ ഡി.എം.കെ. വിജയിച്ചെന്ന സ്റ്റാലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ടി.വി.കെ.യുടെ പരിഹാസം. ദീർഘകാല കാഴ്ചപ്പാടോടെയാണ് മണ്ഡല പുനർനിർണയ വിഷയത്തെ പാർട്ടി സമീപിച്ചതെന്നും വൈകാരിക പ്രതികരണങ്ങൾക്ക് വഴങ്ങില്ലെന്നും സ്റ്റാലിൻ അറിയിച്ചിരുന്നു.

അതിനിടെ തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഡി.എം.കെ. എം.പി.മാരുടെ ഇരിപ്പിടങ്ങൾ ലോക്സഭാ സെക്രട്ടേറിയറ്റ് പുനഃക്രമീകരിച്ചു. ഇന്ത്യ സഖ്യത്തിൽനിന്ന് മാറ്റിയാണ് പുതിയ ഇരിപ്പിടങ്ങൾ നൽകിയിരിക്കുന്നത്. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ഡി.എം.കെ. പരസ്യമായി തീരുമാനിച്ച അതേ ദിവസമാണ് ഈ മാറ്റമുണ്ടായത്. ഈ വർഷമാദ്യം ഇന്ത്യ സഖ്യം വിട്ടതിനെത്തുടർന്ന് തങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന് ഡി.എം.കെ. ആവശ്യപ്പെട്ടിരുന്നു.

Content Highlights: TVK IT wing labels DMK chief MK Stalin as 'Savarkar 2.0' over the party's stance on the Delimitation Bill.