വിജയ്ക്ക് പ്രശംസയുമായി സ്റ്റാലിന്റെ സഖ്യകക്ഷി; ടിവികെ വലിയ ശക്തിയാവുമെന്ന് വൈകോ

ചെന്നൈ: തമിഴ്നാട്ടിലെ കന്നി തെരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ ടിവികെ (TVK) പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെ, വിജയ്‌യെ പ്രശംസിച്ച് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ് വൈകോയുടെ പ്രസ്താവന.
ടിവികെ നിർണായകമായ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെങ്കിലും, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവ്വേകളും വ്യക്തമാക്കുന്നത്. യുവാക്കൾക്കായി നൽകിയ വാഗ്ദാനങ്ങളും ഉയർന്ന പോളിങ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്.
ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് സജീവമായി രംഗത്തുള്ളത്. അതേസമയം, തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ദ്രാവിഡ പാരമ്പര്യത്തിന് പുതിയ പാർട്ടികളുടെ വരവ് വലിയ മാറ്റങ്ങൾ വരുത്തില്ലെന്ന് വൈകോ പ്രത്യാശ പ്രകടിപ്പിച്ചു.
'ടിവികെ അവഗണിക്കാൻ കഴിയാത്ത ഒരു ശക്തിയാണ്, അത് അത്ഭുതകരമായ ചില ഫലങ്ങൾ നൽകിയേക്കാം, പക്ഷേ, ദ്രാവിഡ പ്രസ്ഥാനം തമിഴ്നാട് രാഷ്ട്രീയത്തിൽ ശാശ്വതമായ ശക്തിയായി തുടരും.' അദ്ദേഹം പറഞ്ഞു. പ്രവചനങ്ങളെല്ലാം എം.കെ. സ്റ്റാലിൻ അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയെയാണ് ശരിവെക്കുന്നത്.
അതേസമയം, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടി ഗണ്യമായ സീറ്റുകൾ നേടി കിങ് മേക്കറായി മാറിയേക്കുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിക്കുമ്പോൾ, 234-ൽ 98-120 സീറ്റുകൾ വരെ നേടി പുതിയ പാർട്ടി ഡിഎംകെയെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ (Axis My India) പ്രവചനം.
തമിഴ്നാട്ടിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിജയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. അഭിനയ ജീവിതത്തിന്റെയും ജനപ്രീതിയുടെയും ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. യുവജനങ്ങൾക്കിടയിലും സ്ത്രീകൾക്കിടയിലും, ആദ്യമായി വോട്ട് ചെയ്യുന്നവർക്കിടയിലും അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്.
ഈ ഘടകങ്ങൾ അദ്ദേഹത്തിന് അനുകൂലമായി മാറാൻ സാധ്യതയുണ്ടെന്നാണ് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. ശിവാജി ഗണേശൻ, വിജയകാന്ത്, കമൽഹാസൻ എന്നിവരുൾപ്പെടെയുള്ള നടന്മാർ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സൂപ്പർ താരം രജനീകാന്ത് പോലും രാഷ്ട്രീയത്തിൽനിന്ന് പിന്മാറി. എന്നാൽ, അണ്ണാദുരൈ, എംജിആർ എന്നിവരെപ്പോലെ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചെടുക്കാമെന്നാണ് വിജയ് പ്രതീക്ഷിക്കുന്നത്.
234 മണ്ഡലങ്ങളിലും മത്സരിക്കുന്ന ടിവികെ വിദ്യാർത്ഥി സ്‌റ്റൈപ്പൻഡുകൾ, ഈടില്ലാത്ത സ്റ്റാർട്ട്അപ്പ് വായ്പകൾ, ലഹരിമുക്ത സംസ്ഥാനം എന്ന വാഗ്ദാനം എന്നിവയുൾപ്പെടെയുള്ള യുവാക്കളെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏപ്രിൽ 23-ന് തമിഴ്നാട് 85.1% എന്ന റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയത് യുവാക്കളിലേക്കുള്ള ഈ നീക്കം ഫലം കണ്ടുവെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആദ്യമായി വോട്ട് ചെയ്യുന്നവരുടെ വലിയ പങ്കാളിത്തമാണ് ഇതിന് പ്രധാന കാരണമായത്. എന്നിരുന്നാലും, വോട്ടർ പട്ടികയിൽനിന്ന് ഏകദേശം 40 ലക്ഷം പേരുകൾ ഒഴിവാക്കിയ എസ്ഐആറിന്റെ ഫലമായും പോളിങ് ശതമാനത്തിൽ ഇത്രയും വർദ്ധന ഉണ്ടായേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം തമിഴ്നാട്ടിൽ തുടർച്ചയായ രണ്ടാം തവണയും വിജയം ലക്ഷ്യമിടുമ്പോൾ, പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകൾ തോറ്റതിന് ശേഷം അധികാരത്തിൽ തിരിച്ചെത്താനുള്ള കഠിനശ്രമത്തിലാണ്.
Content Highlights: Exit polls suggest TVK could emerge as a significant force in its debut 2026 election. MDMK chief Vaiko acknowledges Vijay's mass appeal and potential to disrupt traditional politics. Axis My India predicts 98-120 seats for TVK, though DMK remains the likely ruling power. High voter turnout of 85.1% in 2026 attributed to youth participation. TVK campaign focuses on student stipends, startup loans, and a drug-free Tamil Nadu.