ഛത്തീസ്ഗഡ് പിടിക്കാന്‍ എഎപി നീക്കം; മന്ത്രി ടി.എസ് സിങ് ദേവുമായി കൂടിക്കാഴ്ച

റായ്പുര്‍: കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്ന് തുടച്ച് മാറ്റി അധികാരത്തിലെത്തിയ പഞ്ചാബ് മോഡല്‍ ഛത്തീസ്ഗഡിലേക്കും വ്യാപിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടിയുടെ നീക്കം. ഛത്തീസ്ഗഡില്‍ അസംതൃപ്തരായ കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ ഒപ്പം കൂട്ടാനാണ് ആംആദ്മി നീക്കം. ഛത്തീസ്ഗഡില്‍ ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഭൂപേഷ് ബാഘേലുമായി ഉടക്കി നില്‍ക്കുന്ന ആരോഗ്യ മന്ത്രി ടി.എസ്. സിങ് ദേവിനെ ആം ആദ്മി സമീപിച്ചു.
അഞ്ച് തലമുറയായി തുടരുന്നതാണ് തന്റെ കോണ്‍ഗ്രസ് ബന്ധമെന്നും ഒരിക്കലും അതിനെ മറികടന്ന് മറ്റൊന്നിനെ കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും ആരോഗ്യമന്ത്രിയായ സിങ് പറഞ്ഞു. ബിജെപിയിലേക്കോ മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കോ പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ഒരിക്കലും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുമായി ഒത്തുചേരാത്ത പാര്‍ട്ടികളോട് സഹകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ടി.എസ് സിങ് ദേവിനേയും മുഖ്യന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്നു.
പിന്നീട് രണ്ടര വര്‍ഷം വീതം ബാഘേലും ടി.എസ് സിങ് ദേവും മുഖ്യമന്ത്രിമാരാകുന്ന ധാരണയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധമുള്ളത് സ്വാഭാവികമാണ്. പക്ഷേ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളേയും അദ്ദേഹം തള്ളിക്കളഞ്ഞു. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ സമീപിച്ചെങ്കിലും പാര്‍ട്ടി വിട്ട് പുറത്ത് പോകാനുള്ള ബുദ്ധിമുട്ട് അവരെ അറിയിച്ചു. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും താന്‍ വളരെ അധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: ts singh deo rejects aap offer despite clash with bhupesh bagal