തീവണ്ടിയുടെ കോച്ചുമായി പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു, തടിച്ചുകൂടി ജനം; ഗതാഗതം തടസപ്പെട്ടു

ബഗല്‍പുര്‍: ബിഹാറില്‍ ട്രെയിന്‍ കോച്ച് കൊണ്ടുപോവുകയായിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ട്രക്ക്, ലോഹ്യ പാലത്തിലിടിക്കുകയായിരുന്നു. ഭഗൽപൂർ റെയില്‍വേ സ്റ്റേഷനടുത്ത് ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് വലിയ ഗതാഗത തടസമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് പോലീസ് അറിയിച്ചു.
'സ്‌റ്റേഷനടുത്തായി റെയില്‍വേ കോംപ്ലക്‌സിനുളളില്‍ പുതുതായി ഒരു റസ്‌റ്റോറന്റ് തുടങ്ങിയിരുന്നു. ഇതിന് ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയായിരുന്നു ട്രെയിന്‍ കോച്ച് മാറ്റിയിരുന്നത്', മാല്‍ഡ ഡിവിഷന്‍ ഡിആര്‍എം വികാസ് ചൗബേ പറഞ്ഞു.
അപകടം നടന്നത് കാണാനായി നിരവധി പേര്‍ എത്തിയതോടെ അടുത്തുള്ള റോഡുകളില്‍ വരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് പോലീസും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.
വെള്ളിയാഴ്ച ഉപയോഗ്യശൂന്യമായ വിമാനം ലക്‌നൗവില്‍ നിന്നും അസാമിലേക്ക് കൊണ്ടുപോയപ്പോഴും ഈസ്റ്റ് ചമ്പാരനിലെ പിപ്രകോതി പാലത്തില്‍ വെച്ച് കുടുങ്ങിയിരുന്നു.
Content Highlights: Truck With Train Coach Crashes In Bihar