ലോക്‌സഭയിലേക്ക് വെല്ലുവിളിയാവും, തിപ്രയുമായി ചര്‍ച്ചയ്ക്ക് BJP; വിട്ടുവീഴ്ചയില്ലെന്ന് പ്രദ്യോത്

അഗര്‍ത്തല: തങ്ങളുടെ ആവശ്യങ്ങളില്‍ വീട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും കാത്തിരിന്നു കാണൂവെന്നും തിപ്ര മോത്ത തലവന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മ്മ. ത്രിപുരയില്‍ സഖ്യത്തെക്കുറിച്ച് ബി.ജെ.പി. നേതൃത്വവുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രദ്യോതിന്റെ ട്വീറ്റ്. പാര്‍ട്ടി ചെയര്‍മാന്‍ ബി.കെ. ഹൃങ്ഖാവലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പ്രദ്യോതിന്റെ പ്രതികരണം.
ത്രിപുരയില്‍ 33 സീറ്റുകള്‍ നേടിയ ബി.ജെ.പി.- ഐ.പി.എഫ്.ടി. സഖ്യം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മുഖ്യമന്ത്രിയായി മണിക് സാഹയെ കൂടാതെ എട്ട് മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഒരു വനിതയുള്‍പ്പെടെയാണിത്. 13 സീറ്റ് നേടിയ തിപ്ര മോത്തയുമായി സഖ്യത്തിലെത്താന്‍ ബി.ജെ.പി. ചര്‍ച്ച നടത്താനിരിക്കെയാണ് പ്രദ്യോതിന്റെ ട്വീറ്റ്.
ത്രിപുരയിലെ ഗോത്രവിഭാഗത്തിന് കൂടുതല്‍ സ്വയംഭരണവകാശം വേണമെന്ന് വാദിക്കുന്ന പ്രദ്യോത്, പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ബി.ജെ.പി. അംഗീരിക്കാത്തതിനെത്തുടര്‍ന്ന് സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിലെ തിപ്രയുടെ പ്രകടനം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഇതൊഴിവാക്കാനാണ് സഹകരണ സാധ്യത തേടുന്നത്.
മണിക് സാഹയുടെ സത്യപ്രതിജ്ഞയ്ക്കായി അഗര്‍ത്തലയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി തിപ്രയുടെ 13 എം.എല്‍.എമാരും പ്രദ്യോതും ഹൃങ്ഖാവലും ഉള്‍പ്പെടുന്ന സംഘത്തെ കണ്ടേക്കുമെന്നാണ് വിവരം. മണിക് സാഹയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് പ്രദ്യോത് എത്തിയിരുന്നില്ല.
Content Highlights: Tripura Ex Royal Tipra Motha leader Pradyot Manikya Debbarma tweet bjp allaince Talks