വ്യാജ കെവൈസി തട്ടിപ്പ്; തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജിക്ക് നഷ്ടമായത് 55 ലക്ഷത്തിലധികം രൂപ

കല്യാൺ ബാനര്‍ജി | Photo: ANI
കല്യാൺ ബാനര്‍ജി | Photo: ANI

കൊല്‍ക്കത്ത: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായി മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നാല് തവണ ലോക്സഭാ എംപിയുമായ കല്യാണ്‍ ബാനര്‍ജി. 55 ലക്ഷത്തിലധികം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. വ്യാജരേഖകള്‍ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരഹിതമായ എസ്ബിഐ അക്കൗണ്ടില്‍ പ്രവേശിച്ചാണ് തട്ടിപ്പ് നടത്തിയത്. കൊല്‍ക്കത്തയിലെ എസ്ബിഐ ഹൈക്കോടതി ബ്രാഞ്ചിലാണ് എംപിയുടെ തട്ടിപ്പിനിരയായ അക്കൗണ്ട് ഉള്ളത്. 

സംഭവത്തിൽ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കുകയും അടിയന്തര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ രേഖകളെന്ന് തോന്നിപ്പിക്കുന്ന  പാന്‍, ആധാര്‍ കാര്‍ഡുകളില്‍ മറ്റൊരാളുടെ ഫോട്ടോ പതിപ്പിച്ച് വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പുകാരന്‍ ബാനര്‍ജിയുടെ അക്കൗണ്ടിലെ കെവൈസി വിവരങ്ങള്‍ പുതുക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്.

2025 ഒക്ടോബര്‍ 28-ന് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റിയ തട്ടിപ്പുകാരന്‍, അതിലൂടെ അക്കൗണ്ടിന്റെ പൂര്‍ണ്ണ നിയന്ത്രണം നേടുകയും ചെയ്തു. വിവരങ്ങള്‍ മാറ്റിയ ശേഷം, ഇയാള്‍ നിരവധി അനധികൃത ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്തുകയും 56,39,767 രൂപ പിന്‍വലിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ തുക ഒന്നിലധികം അക്കൗണ്ടുകളിലേക്ക് മാറ്റുകയും, ആഭരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുകയും, എടിഎമ്മുകള്‍ വഴി പിന്‍വലിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഈ അക്കൗണ്ട് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു. 2001-നും 2006-നും ഇടയില്‍ ബാനര്‍ജി അസന്‍സോള്‍ (ദക്ഷിണ്‍) മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗമായിരുന്ന കാലത്ത് തുറന്ന അക്കൗണ്ടാണിത്. പശ്ചിമ ബംഗാള്‍ എംഎല്‍എ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശമ്പളം ഈ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്.

അതിനുശേഷം ഉപയോഗിക്കാതെ കിടന്ന ഈ പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് അടുത്തിടെ തട്ടിപ്പിലൂടെ വീണ്ടും സജീവമാക്കിയതായി കണ്ടെത്തുകയായിരുന്നു. തന്റെ കാളിഘട്ട് എസ്ബിഐ ശാഖയിലുള്ള വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ ആദ്യം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടിലേക്ക് മാറ്റുകയും, തുടര്‍ന്ന് അവിടെനിന്ന് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ പണം തട്ടിയെടുക്കുകയും ചെയ്തതായി മനസ്സിലാക്കിയപ്പോഴാണ് ബാനര്‍ജി തട്ടിപ്പ് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന്, ലോക്സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ ചീഫ് വിപ്പായിരുന്ന ബാനര്‍ജി, എസ്ബിഐ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവര്‍ സൈബര്‍ ക്രൈം പരാതി നല്‍കുകയും ബാങ്കിന്റെ ഭാഗത്ത് എന്തെങ്കിലും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്ന് കണ്ടെത്താന്‍ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കുറ്റവാളികളെയും പണത്തിന്റെ ഉറവിടവും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും കെവൈസി വിവരങ്ങളും ഇടപാടുകളുടെ വിശദാംശങ്ങളും നല്‍കുമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊല്‍ക്കത്ത പോലീസ് സൈബര്‍ ക്രൈം വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

'ഈ വിഷയം വിശദമായി അന്വേഷിച്ചുവരികയാണ്. ബാങ്കിന്റെ ആഭ്യന്തര നടപടിക്രമങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. അക്കൗണ്ടില്‍ എങ്ങനെ പ്രവേശനം സാധ്യമായി എന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. തട്ടിപ്പുകാരെയും പണം എവിടേക്കാണ് മാറ്റിയതെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോലീസ് ഉടന്‍ കേസ് തെളിയിക്കുമെന്നും നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും എംപിക്ക് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത ഒരു മുതിര്‍ന്ന തൃണമൂല്‍ നേതാവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തട്ടിപ്പുകാര്‍ ബാനര്‍ജിയുടെ ഫോട്ടോയും പുതിയ മൊബൈല്‍ നമ്പറുമാണ് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. ഡിജിറ്റല്‍ ബാങ്കിംഗ് വെരിഫിക്കേഷന്‍ സംവിധാനങ്ങളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്ന സങ്കീര്‍ണ്ണമായ ആള്‍മാറാട്ട രീതിയാണിത്. 

Content Highlights: TMC leader Kalyan Banerjee lost over ₹55 lakh to fraudsters who used forged KYC to access his SBI account. Police investigating sophisticated cybercrime. Learn more