സന്ദേശ്ഖാലി പരാതികള്‍ വ്യാജം, നിര്‍ദേശിച്ചത് സുവേന്ദുവെന്നും BJP നേതാവ്; വീഡിയോ പുറത്തുവിട്ട് TMC

തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട ഒളിക്യാമറാ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് | Photo: Screen grab of video uploaded on youtube by @Williams-xy8yo
തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട ഒളിക്യാമറാ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ട് | Photo: Screen grab of video uploaded on youtube by @Williams-xy8yo

കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ നടന്നതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പറയുന്ന ബി.ജെ.പി. നേതാവിന്റെ വീഡിയോ പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. ബി.ജെ.പിയുടെ സന്ദേശ്ഖാലി-2 മണ്ഡലം അധ്യക്ഷന്‍ ഗംഗാധര്‍ കോയലിന്റെ 32 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഒളിക്യാമറ വീഡിയോ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. ബംഗാളിലെ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഗംഗാധര്‍ കോയല്‍ വീഡിയോയില്‍ പറയുന്നു. അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

'സുവേന്ദു അധികാരി നിര്‍ദേശിച്ചതുപ്രകാരമാണ് ഞങ്ങളിതെല്ലാം ചെയ്തത്. അദ്ദേഹം ഞങ്ങളെ സഹായിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തരായ നേതാക്കളെ അറസ്റ്റ് ചെയ്യിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് ഇവിടെ പോരാട്ടം സാധ്യമല്ലെന്ന് അദ്ദേഗം ഞങ്ങളെ ഉപദേശിച്ചു. അവരെ അറസ്റ്റ് ചെയ്യിക്കാനായി വ്യാജമായ കേസുകളുണ്ടാക്കണം.' -ഗംഗാധര്‍ കോയല്‍ വീഡിയോയില്‍ പറഞ്ഞു. അജ്ഞാതരായ രണ്ട് വ്യക്തികളോടാണ് ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. 

'ബലാത്സംഗ പരാതി നല്‍കണമെന്ന് ആ സ്ത്രീകളോട് ആവശ്യപ്പെടാന്‍ എന്നോട് പറഞ്ഞു. ഞാനത് ചെയ്തു. ആ സ്ത്രീകള്‍ എന്റെ ആവശ്യം നിരസിച്ചില്ല. തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ഗ്രാമത്തിലുള്ളവരെ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും നിങ്ങളെ അവര്‍ കൊല്ലുമന്നും ഞങ്ങള്‍ അവരോട് പറഞ്ഞു.' -കോയല്‍ തുടര്‍ന്നു. 

'ആറോ ഏഴോ മാസങ്ങള്‍ക്കുമുമ്പാണ് ബലാത്സംഗം ചെയ്യപ്പെട്ടത് എന്ന് പറയാന്‍ സ്ത്രീകളോട് ഞങ്ങള്‍ പറഞ്ഞു. വൈദ്യപരിശോധന ഉണ്ടാകില്ല. അവരുടെ മൊഴി മാത്രം മതി. ഇതിന് പിന്നില്‍ വലിയ ആസൂത്രണമാണ് നടന്നത്.' -അജ്ഞാതരുടെ ചോദ്യത്തിന് മറുപടിയായി ഗംഗാധര്‍ കോയല്‍ പറഞ്ഞു. 

ഫെബ്രുവരിയിലാണ് സന്ദേശ്ഖാലിയില്‍ സംഘര്‍ഷഭരിതമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ലൈംഗികാതിക്രമ പരാതിയിലും ഭൂമി തട്ടിപ്പ് കേസിലും തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാന്റേയും സഹായികളുടേയും അറസ്റ്റ് ആവശ്യപ്പെട്ട് സ്ത്രീകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഫെബ്രുവരി 29-ന് ഷാജഹാനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പിന്നീട് ഇയാളെ സി.ബി.ഐക്ക് കൈമാറി. നിലവില്‍ സി.ബി.ഐയാണ് കേസുകള്‍ അന്വേഷിക്കുന്നത്. 

തിരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരായ ബി.ജെ.പിയുടെ പ്രചാരണായുധമാണ് സന്ദേശ്ഖാലി. സംസ്ഥാന നേതാക്കള്‍ക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സന്ദേശ്ഖാലി ഉയര്‍ത്തി തൃണമൂലിനെ ആക്രമിച്ചിരുന്നു. എന്നാല്‍ ഗംഗാധര്‍ കോയലിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ രംഗത്തെത്തി. ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ബി.ജെ.പി. നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

'ബി.ജെ.പി. എത്രത്തോളം അഴുകിയെന്നാണ് സന്ദേശ്ഖാലിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒളിക്യാമറ വീഡിയോ കാണിക്കുന്നത്. ബംഗാളിന്റെ പുരോഗമനപരമായ ചിന്തയോടും സംസ്‌കാരത്തോടുമുള്ള വെറുപ്പ് കാരണം ബംഗാള്‍ വിരോധികളായ അവര്‍ നമ്മുടെ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും കേന്ദ്രം ഭരിക്കുന്ന ഒരു പാര്‍ട്ടി ഒരു സംസ്ഥാനത്തെയും അവിടുത്തെ ജനങ്ങളേയും ഇങ്ങനെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല.' -ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എക്‌സില്‍ കുറിച്ചു. 

അതേസമയം വീഡിയോ വ്യാജമാണെന്ന് ബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു. വീഡിയോയിലെ ശബ്ദം ഏതെങ്കിലും തൃണമൂല്‍ പ്രവര്‍ത്തകന്റേതോ മറ്റാരുടെയെങ്കിലുമോ ശബ്ദമാണോ എന്ന് തനിക്കറിയില്ല. ഇതൊരു മിമിക്രിയാകാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാരെന്ന് പറഞ്ഞ് വീഡിയോയില്‍ വന്നത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി. നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചത്‌.

Content Highlights: TMC shares clip of BJP leader admitting Sandeshkhali incident was pre-planned