ഭരണം പോയതിന് പിന്നാലെ കൊഴിഞ്ഞുപോക്ക്, കൂട്ടരാജി; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് കൗൺസിലർമാരുടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. വിവിധ നഗരസഭകളിൽ നിന്നായി ഏകദേശം 100 കൗൺസിലർമാർ ഇതിനോടകം രാജി സമർപ്പിച്ചു കഴിഞ്ഞു. പാർട്ടിക്കുള്ളിലെ അസംതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ തൃണമൂൽ എംപി കാകൊളി ഘോഷ് ദസ്തിദാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നു.
ഭട്പാറ, ഹാലിസഹർ, കാഞ്ചൻപാറ തുടങ്ങിയ നഗരസഭകളിൽ ഭൂരിഭാഗം കൗൺസിലർമാരും രാജി വെച്ചതോടെ ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണ്. അഴിമതി ആരോപണങ്ങളെത്തുടർന്നുള്ള കൗൺസിലർമാരുടെ അറസ്റ്റും പാർട്ടിയിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. അദ്ദേഹം മേയർ സ്ഥാനം ഒഴിയാൻ ആലോചിക്കുന്നതായി സൂചനയുണ്ട്. അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾക്ക് കോർപ്പറേഷൻ പൊളിക്കൽ നോട്ടീസ് നൽകിയതാണ് തർക്കത്തിന് കാരണമായത്.
സുവേന്ദു അധികാരി സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ മുൻകാല പ്രവർത്തനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പലയിടത്തും രാജി പ്രവാഹം തുടങ്ങിയത്. കൗൺസിലർമാർ ഇല്ലാത്ത സ്ഥലങ്ങളിൽ സർക്കാർ അഡ്മിനിസ്‌ട്രേറ്റർമാരെ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് മമത ബാനർജി ഇപ്പോൾ നേരിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Mass resignation of approximately 100 councilors across West Bengal municipalities., Internal party conflict exacerbated by corruption allegations and administrative inquiries., Tension between Kolkata Mayor Firhad Hakim and TMC leadership over property notices., Appointment of government administrators in municipalities facing governance deadlock., Considered the biggest political challenge for Mamata Banerjee since the party's 1998 inception.