മമതയ്‌ക്കെതിരെ പടയൊരുക്കം,മുൻ സിപിഎമ്മുകാരനായ നേതാവിന് എംഎൽഎമാരുടെ പിന്തുണ; തൃണമൂൽ പിളർപ്പിലേക്ക്?

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുന്നതായാണ് റിപ്പോർട്ടുകൾ.
പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ തൃണമൂലിലെ ഒരു വിഭാഗം എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് സ്ഥാനാർഥിയായ ശോഭൻദേബ് ചതോപാധ്യായക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് മറുവിഭാഗം ആരോപിച്ചതോടെയാണ് പാർട്ടിയിൽ അസ്വാരസ്യങ്ങൾക്ക് തുടക്കമായത്. ഋതബ്രത ബാനർജി 2017ൽ സിപിഎമ്മിൽനിന്ന് പുറത്താക്കിയതോടെയാണ് തൃണമൂലിലെത്തിയത്.
അതിനിടെ ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി നിർദേശിച്ചുകൊണ്ടുള്ള കത്തിൽ തൃണമൂൽ എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ഇട്ടതാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ആരോപിച്ചു. അഭിഷേക് ബാനർജിയാണ് ലിസ്റ്റിൽ ഒപ്പുകൾ വ്യാജമായി ഇട്ടതെന്ന് ഋതബ്രത ബാനർജിക്കൊപ്പം പുറത്താക്കപ്പെട്ട എംഎൽഎ സന്ദീപൻ സാഹയും ആരോപിച്ചു. ഇതോടെ വ്യാജരേഖ ചമച്ചെന്ന കേസിൽ അഭിഷേകിനെതിരെ പശ്ചിമ ബംഗാൾ സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊതുവേദികളിലുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിക്കുള്ളിൽ കലഹം രൂക്ഷമായതും സൂചനയുണ്ട്. തിങ്കളാഴ്ച മമത ബാനർജിയുടെ വസതിയിൽ വിളിച്ചുചേർത്ത 80 എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുത്തത് 20 എംഎൽഎമാർ മാത്രമായിരുന്നു. അറുപതോളം എംഎൽഎമാർ എത്താതിരുന്നതിനാൽ യോഗം റദ്ദാക്കിയിരുന്നു. എന്നാൽ തൃണമൂൽ നേതാക്കൾക്കുനേരെയുണ്ടായ അക്രമങ്ങൾക്കെതിരെയുള്ള പ്രാദേശിക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനാലാണ് എംഎൽഎമാർക്ക് യോഗത്തിന് എത്താൻ കഴിയാത്തതെന്നായിരുന്നു പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം.
Content Highlights: Internal rift within Trinamool Congress following legislative assembly election results., Dispute over the appointment of the opposition leader in the assembly., Allegations of forged signatures on the nomination letter for Shobhandeb Chattopadhyay., CID investigation initiated into the document forgery case involving Abhishek Banerjee., Mass absence of MLAs from a meeting called by Mamata Banerjee signaling deep dissent.