വിട കോമ്രേഡ്!: യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം; മൃതദേഹം എയിംസിന് കൈമാറി

യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിപ്പിക്കുന്ന സോണിയ ഗാന്ധി |ഫോട്ടോ:PTI
യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിപ്പിക്കുന്ന സോണിയ ഗാന്ധി |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇടതുപക്ഷത്തിന് സര്‍ഗാത്മകമുഖം നല്‍കിയ കമ്യൂണിസ്റ്റും നാലുപതിറ്റാണ്ടോളം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ തൊട്ടറിഞ്ഞ നേതാവുമായ സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം.

സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡല്‍ഹി എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ശരദ് പവാര്‍, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നേതാക്കള്‍ യെച്ചൂരിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

ശേഷം വിലാപയാത്രയോടെ മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറി. എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.എം. ഓഫീസ് പ്രവര്‍ത്തിച്ച അശോക റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ചിരുന്നു.

Content Highlights: Tributes paid to Sitaram Yechury- CPm