അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രതയുള്ള ഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

പ്രതീകാത്മക ചിത്രം |  ഫോട്ടോ :പിടിഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ :പിടിഐ

ന്യൂഡല്‍ഹി: അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ലഘുഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അഫ്ഗാനില്‍ റെക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്.

കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍ വടക്ക് വടക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ചണ്ഡിഗഢ്, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിലും നേരിയ ചലനം അനുഭവപ്പെട്ടു.

6.0 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം പാകിസ്താനിലും അനുഭവപ്പെട്ടതായി പാകിസ്താന്‍ കാലാവസ്ഥാ വകുപ്പ് എക്‌സില്‍ പോസ്റ്റ് ചെയ്തു. അഫ്ഗാനിലെ ഹിന്ദു കുഷ് ആണ് പ്രഭവകേന്ദ്രം. ലാഹോര്‍, ഇസ്ലാമാബാദ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നിവിടങ്ങളില്‍ ചലനമുണ്ടായതായാണ് പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചതായി നിലവിൽ റിപ്പോർട്ടുകളില്ല. കെട്ടിടങ്ങളും വീട്ടുപകരണങ്ങളും പ്രകമ്പനത്തില്‍ കുലുങ്ങുന്ന ദൃശ്യങ്ങള്‍ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Tremors In Delhi, Parts Of North India After 6.1 Earthquake In Afghanistan