മുല്ലപ്പെരിയാറിലെ മരംമുറി: കേന്ദ്രം നാലാഴ്ചക്കുള്ളില് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്ഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള് മുറിക്കാന് തമിഴ്നാട് നല്കിയ അപേക്ഷയില് നാല് ആഴ്ചയ്ക്കുള്ളില് തീരുമാനം എടുക്കാന് കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി നിര്ദേശിച്ചു. ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്ദേശം നല്കിയത്. അതേസമയം, അണക്കെട്ടില് ഗ്രൗട്ടിങ് നടത്തുന്നതിന് മുന്നോടിയായി തമിഴ്നാട് ആർഒവി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്) പഠനം നടത്തണമെന്നും സുപ്രീംകോടതി നിര്ദേശിച്ചു.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് 23 മരങ്ങള് മുറിക്കുന്നത് അനിവാര്യമാണെന്നാണ് തമിഴ്നാട് സര്ക്കാരിന്റെ നിലപാട്. ഇതിനായി തമിഴ്നാട് നല്കിയ അപേക്ഷയില് അനുമതി നല്കാന് കേരളത്തിനോട് സുപ്രീം കോടതി നിര്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് അനുമതി നല്കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയതായി കേരളത്തിനുവേണ്ടി ഹാജരായ സീനിയര് അഭിഭാഷകന് ജയ്ദീപ് ഗുപ്തയും അഭിഭാഷകന് ജി. പ്രകാശും സുപ്രീംകോടതിയെ അറിയിച്ചു.
കേരളത്തിന്റെ അനുമതിയല്ല, വനം വകുപ്പിന്റെ അനുമതി വേണം- തമിഴ്നാട്
മരം മുറിക്കാന് കേരളസര്ക്കാര് നല്കിയ അനുമതി പര്യാപതമല്ലെന്ന് തമിഴ്നാട് സര്ക്കാര് സുപ്രീം കോടതിയില് വാദിച്ചു. വനംവകുപ്പിന്റെ പ്രത്യേക അനുമതി ആണ് തങ്ങള്ക്ക് വേണ്ടതെന്നും തമിഴ്നാടിനുവേണ്ടി ഹാജരായ സീനിയര് അഭിഭാഷകന് ശേഖര് നഫ്ഡെ ചൂണ്ടിക്കാട്ടി. എന്നാല്, സര്ക്കാര് അനുമതിയെ എല്ലാ വകുപ്പുകളുടെയും അനുമതിയായി കണക്കാക്കാമെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയര് അഭിഭാഷകന് ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. തമിഴ്നാട് ആവശ്യപ്പെട്ടപോലെ എല്ലാ മരങ്ങളും മുറിക്കാന് കേരളം അനുമതി നല്കിയിട്ടില്ലെന്നും അണകെട്ട് ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ മരങ്ങള് മാത്രമാണ് മുറിക്കാനുള്ള അനുമതി നല്കിയതെന്നുമാണ് കേന്ദ്ര സര്ക്കാര് വൃത്തങ്ങള് നല്കുന്ന സൂചന.
അണക്കെട്ടിലെ ഗ്രൗട്ടിങ്ങും ഒരു മാസത്തിനുള്ളില് നടത്താം, റോഡുപണി മഴക്കാലത്തിന് ശേഷം
മുല്ലെപ്പെരിയാര് അണക്കെട്ടിന്റെ ഗ്രൗട്ടിങ് നടത്താന് മേല്നോട്ട സമിതി തമിഴ്നാടിന് നേരത്തെ അനുമതി നല്കിയിരുന്നു. എന്നാല്, മേല്നോട്ട സമിതി നിര്ദേശിച്ചതുപോലെ ആർഒവി പഠനം നടത്തിയതിന് ശേഷമേ ഗ്രൗട്ടിങ് നടത്താന് പാടുള്ളു എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില് ഈ നടപടികള് പൂര്ത്തികരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വള്ളക്കടവ്-മുല്ലപെരിയാര് ഘാട്ട് റോഡ് മഴക്കാലത്തിന് ശേഷം പുനർനിര്മിക്കാന് സുപ്രീംകോടതി നിര്ദേശം നല്കി. നിര്മാണം നടത്തേണ്ടത് കേരളമാണെങ്കിലും തമിഴ്നാട് ഇതിനുള്ള ചെലവ് വഹിക്കണം.
Content Highlights: Tree felling in Mullaperiyar; Center must take a decision within 4 weeks: Supreme Court