ട്രെയിനിലെ സീറ്റുകൾ കുത്തിക്കീറി; ചെയ്തത് രാജ്യത്തിന്റെ വളർച്ചയെ വെറുക്കുന്നവരെന്ന് സോഷ്യൽ മീഡിയ

പാറ്റ്‌ന: പൊതുമുതൽ എന്നാൽ ആർക്ക് വേണമെങ്കിലും നശിപ്പിക്കാവുന്ന ഒന്നായാണ് ചില ആളുകൾ എങ്കിലും കരുതിയിരിക്കുന്നത്. ബസിലും ട്രെയിനുകളിലും എന്നുവേണ്ട പൊതുഇടങ്ങളിലെല്ലാം ഇത്തരക്കാരുടെ തോന്നിവാസങ്ങൾ തുടരും. സമാനമായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ യാത്രചെയ്യുന്ന ട്രെയിനിന്റെ സീറ്റുകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
ബീഹാറിലെ പാറ്റ്‌നയിൽ നിന്ന് ജയ്‌നഗറിലേക്ക് സർവീസ് നടത്തുന്ന കംല ഗംഗ ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ സീറ്റുകളാണ് കത്തിയുപയോഗിച്ച് കീറിയിരിക്കുന്നത്. ഒന്നോ രണ്ടോ സീറ്റുകളല്ല ഇത്തരത്തിൽ നശിപ്പിച്ചിരിക്കുന്നത്. സ്ലീപ്പർ കോച്ചിലെ ഏതാണ്ട് എല്ലാ സീറ്റുകളും കത്തിയോ ബ്ലേഡോ ഉപയോഗിച്ച് കുത്തിക്കീറിയ നിലയിലാണ്. സീറ്റിനുള്ളിൽ നിറച്ചിട്ടുള്ള സ്‌പോഞ്ചുകൾ പുറത്തുവന്ന് അതിലെ ഇരുമ്പ് ഫ്രെയിം പുറത്ത് കാണുന്ന നിലയിലാണ് നശിപ്പിച്ചിരിക്കുന്നത്.
'ട്രെയിനിലെ സീറ്റുകൾ ബ്ലേഡ് ഉപയോഗിച്ച് കീറിമുറിച്ചിരിക്കുന്നു. ഇന്ത്യയിലെ വളരുന്ന അടിസ്ഥാന സൗകര്യങ്ങളെ വെറുക്കുന്ന കുറ്റവാളികളാണ് ഇതിനുപിന്നിൽ. പുരോഗതിയിൽ സന്തോഷം കണ്ടെത്തുന്നതിന് പകരം നാശനഷ്ടങ്ങളിൽ ആനന്ദിക്കുന്നവർ. രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ ഇത്തരം പ്രവർത്തികളിലൂടെ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് ഇത് ചെയ്തത്'- എന്ന കുറിപ്പോടെയാണ് കീറിമുറിച്ച ട്രെയിൻ സീറ്റുകളുടെ വീഡിയോ എക്‌സിൽ പങ്കുവെച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഈ നാശനഷ്ടം വരുത്തിയവർക്കെതിരേ ഉയരുന്നത്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും പൊതുമുതൽ സംരക്ഷിക്കുന്നതിന് നിരന്തരം നിരീക്ഷണം വേണമെന്നുമാണ് പൊതുവായി ഉയരുന്ന ആവശ്യം. ഈ കുറ്റവാളികളെ എങ്ങനെയെങ്കിലും പിടികൂടിയാൽ ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനൊപ്പം കനത്ത ശിക്ഷയും നൽകണമെന്നാണ് ചിലരുടെ ആവശ്യം.
വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇതിന് കാരണം. ഈ അക്രമകാരികളെ പിടികൂടി ശിക്ഷിക്കുന്നതിനൊപ്പം അവർക്ക് വിദ്യാഭ്യാസവും നൽകുകയാണ് വേണ്ടതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. ട്രെയിനിനുള്ളിൽ ഏപ്പോഴും പോലീസിന്റെ നിരീക്ഷണം ഉറപ്പാക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കുറ്റവാളികളെ പിടികൂടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്താൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടില്ലെന്നും ആളുകൾ പറയുന്നു.
Content Highlights: Shocking incident as train seats in India are slashed with blades. Social media erupts in protest against destruction of public property and growing infrastructure.