തീവണ്ടിവരുമ്പോൾ റെയിൽവേ ഗേറ്റ് തുറന്നിട്ടനിലയിൽ; ലോക്കോ പൈലറ്റിന്റെ ജാഗ്രതയിൽ ഒഴിവായത് വൻദുരന്തം

ചെന്നൈ: തീവണ്ടിവരുമ്പോൾ റെയിൽവേ ഗേറ്റ് തുറന്നുകിടക്കുന്ന സംഭവം തമിഴ്നാട്ടിൽ ആവർത്തിക്കുന്നു. രാമനാഥപുരം ഉച്ചിപുളിയിലാണ് ശനിയാഴ്ച ആശങ്കയുണർത്തുന്ന സംഭവമുണ്ടായത്. ലോക്കോപൈലറ്റ് അവസരോചിതമായി ഇടപെട്ട് തീവണ്ടി നിർത്തിയതിനാലാണ് വൻ അപകടമൊഴിവായത്. സംഭവത്തിൽ ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്തു.
ശനിയാഴ്ച രാവിലെ 6.40-ന് രാമേശ്വരത്തുനിന്ന് മധുരയിലേക്കുള്ള പാസഞ്ചർ തീവണ്ടി (56712) ഉച്ചിപുളിയിൽ എത്തിയപ്പോൾ റെയിൽവേ ഗേറ്റ് തുറന്നിട്ടതായും വാഹനങ്ങൾ പാളത്തിന് കുറുകെ പോകുന്നതായും ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടനെ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് തീവണ്ടി നിർത്തി. തീവണ്ടിയിൽനിന്ന് ലോക്കോപൈലറ്റ് ഇറങ്ങിപ്പോയി ആവശ്യപ്പെട്ടപ്പോഴാണ് ഗേറ്റ് കീപ്പർ ജയ്സിങ് ഗേറ്റ് അടച്ചത്.
Content Highlights: Railway suspends gatekeeper after lapse halts train in Ramanathapuram