അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞതിന് പിന്നാലെ എംപിയേയും കൈയേറ്റം ചെയ്തു, ആക്രമണം തുടർക്കഥ

#ന്യൂസ് ഡെസ്ക്
Photo: AITC/ANI Video Grab
Photo: AITC/ANI Video Grab

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണം തുടർക്കഥയാകുന്നു. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ മുതിർന്ന പാർട്ടി എംപിയും ലോക്സഭാ പാർട്ടി ചീഫ് വിപ്പും കൂടിയായ കല്യാൺ ബാനർജിക്ക് നേരെയും ബിജെപി പ്രവർത്തകരുടെ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സ്വന്തം മണ്ഡലത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാർട്ടി നേതാക്കളെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് ഹൂഗ്ലിയിലെ ചണ്ഡിതാലയിൽ ടിഎംസി പ്രവർത്തകർക്കൊപ്പം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഒരു കൂട്ടം അക്രമികൾ എംപിയെ വളയുകയും അദ്ദേഹത്തിന് നേരെ കരിങ്കൊടി ഉയർത്തുകയും ഗോ ബാക്ക് വിളിക്കുകയും ചെയ്തു. ഇതിനിടെയാണ് ശാരീകമായ കൈയേറ്റം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ തലയ്ക്ക് പരിക്കേറ്റ് നിലത്ത് വീണു കിടക്കുന്ന കല്യാൺ ബാനർജിയേയും കാണാൻ സാധിക്കും.

ബിജെപി പ്രവർത്തകർ ടിഎംസി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്രതിഷേധക്കാരെ കള്ളന്മാരെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വലിയൊരു പോലീസ് സന്നാഹത്തെ തന്നെ വിന്യസിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

"പ്രതിഷേധ യോഗത്തിലേക്ക് പോകുമ്പോൾ കാവി സ്കാർഫ് ധരിച്ച 10-15 പേരടങ്ങുന്ന സംഘം എന്നെ ആക്രമിച്ചു. അവരിൽ ഒരാൾ എനിക്ക് നേരെ കല്ലെറിഞ്ഞു" - കല്യാൺ ബാനർജി പറഞ്ഞു.

കഴിഞ്ഞ ദിവസം സോനാർപുരിൽവെച്ചാണ് അഭിഷേക് ബാനർജിക്ക് നേരേ ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് എംപിയായ അഭിഷേകിനെ ഒരുസംഘം ആളുകൾ ചേർന്ന് ആക്രമിച്ചത്. അഭിഷേക് ബാനർജിക്ക് നേരേ കല്ലുകളും ചീമുട്ടകളും വലിച്ചെറിഞ്ഞ അക്രമികൾ 'കള്ളൻ, കള്ളൻ' എന്ന് ഉച്ചത്തിൽ വിളിക്കുകയുംചെയ്തു. ക്രിക്കറ്റ് ഹെൽമെറ്റ് ഉൾപ്പെടെ ധരിച്ചാണ് അഭിഷേക് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. പിന്നാലെ കൂടുതൽ പോലീസെത്തി ഇദ്ദേഹത്തെ സുരക്ഷിതനാക്കുകയായിരുന്നു.

Content Highlights: TMC MP Kalyan Banerjee physically attacked in his constituency, Hooghly., The incident occurred during a protest against the earlier attack on Abhishek Banerjee., Perpetrators allegedly used black flags and physical force, leaving the MP injured., The attack follows a similar incident involving Abhishek Banerjee in Sonarpur., Police have deployed heavy security in the region to manage the ongoing unrest.