തിരുപ്പതി കളക്ടറേറ്റിൽ ബോംബ് ഭീഷണി, വ്യാജമെന്ന് സ്ഥിരീകരിച്ചു; ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം തമിഴ്‌നാട്

പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുപ്പതി (ആന്ധ്രപ്രദേശ്): ആന്ധ്രപ്രദേശിലുള്ള തിരുപ്പതി കളക്ടറേറ്റിന് വ്യാജ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയോടെയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമടക്കമുള്ള സംഘം കളക്ടറേറ്റിലെത്തി പരിശോധന നടത്തി. 

കളക്ടറുടെ ചേംബറിലും മറ്റ് ഓഫീസുകളിലും നടന്ന പരിശോധനയിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടരന്വേഷണത്തില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് വ്യക്തമായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞയാഴ്ച സമാനമായ രീതിയില്‍ തമിഴ്‌നാട്ടിലെ ഡിജിപിയുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തിയിരുന്നു. ഓഫീസിലെ ജീവനക്കാരെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഒന്നരമണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ചു. ഇ-മെയില്‍ വഴിയെത്തിയ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

Content Highlights: Fake bomb threat to Tirupati collectorate