പട്ട് ഷാൾ എന്ന വ്യാജേന തിരുമല ക്ഷേത്രത്തിന് നൽകിയത് വിലകുറഞ്ഞ പോളീസ്റ്റർ; 10 കൊല്ലത്തിനിടെ തട്ടിയത് 54 കോടി

#ന്യൂസ് ഡെസ്ക്
തിരുമല ക്ഷേത്രം ഫോട്ടോ - മധുരാജ് / മാതൃഭൂമി
തിരുമല ക്ഷേത്രം ഫോട്ടോ - മധുരാജ് / മാതൃഭൂമി

അമരാവതി (ആന്ധ്രാപ്രദേശ്): ആന്ധ്രയിലെ പ്രശസ്തമായ തിരുമല ക്ഷേത്രം കൈകാര്യം ചെയ്യുന്ന ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) വഞ്ചിച്ച് കോടികള്‍ തട്ടി കരാറുകാരന്‍. 2015 മുതല്‍ 2025 വരെ പട്ട് ഷാള്‍ എന്ന വ്യാജേന 100 ശതമാനം പോളിസ്റ്റര്‍ ഷാളുകളാണ് കരാറുകാരന്‍ ക്ഷേത്രത്തിലേക്ക് നല്‍കിയത്. പത്തുവര്‍ഷത്തിനിടെ ഇത്തരത്തില്‍ 54 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ടെന്‍ഡര്‍ രേഖകളില്‍ പട്ട് ഉത്പന്നങ്ങളെന്നാണ് വ്യക്തമാക്കിയിരുന്നത്.

ക്ഷേത്ര ചടങ്ങുകളിലും സംഭാവന നല്‍കുന്നവര്‍ക്കും സമ്മാനിക്കുന്ന ഷാളുകളാണിത്. ട്രസ്റ്റ് ചെയര്‍മാന്‍ ബി.ആര്‍. നായിഡുവിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ ആഭ്യന്തര അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെട്ടത്. പട്ടിന് പകരമായി വിലകുറഞ്ഞ പോളിസ്റ്റര്‍ ഷാളുകളാണ് കഴിഞ്ഞ ഒരുദശാബ്ദമായി നല്‍കിക്കൊണ്ടിരുന്നത്. ഇതുവഴി ട്രസ്റ്റിന് 54 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

ഏകദേശം 350 രൂപ വിലവരുന്ന ഒരു ഷാളിന് 1,300 രൂപയാണ് വിലയിട്ടതെന്ന് ബി.ആര്‍. നായിഡു പറഞ്ഞു. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന് (സിഎസ്ബി) കീഴിലുള്ള ഒരു ലാബ് ഉള്‍പ്പെടെ രണ്ട് ലാബുകളിലേക്ക് ഷാളുകളുടെ സാമ്പിളുകള്‍ ശാസ്ത്രീയ വിശകലനത്തിനായി അയച്ചിരുന്നു. രണ്ട് പരിശോധനകളിലും മെറ്റീരിയല്‍ പോളിസ്റ്ററാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സ്ഥാപനവുമായി നിലവിലുള്ള എല്ലാ ടെന്‍ഡറുകളും റദ്ദാക്കിയെന്നും സമഗ്രാന്വേഷണത്തിനായി സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി) വിഷയം സമര്‍പ്പിച്ചെന്നും ട്രസ്റ്റ് ചെയര്‍മാന്‍ പറഞ്ഞു.

Content Highlights: Tirumala Temple Rocked by Rs 54 Crore Silk Shawl Fraud: Polyester Posed as Pure Mulberry