ഗ്യാനേഷ് കുമാർ സ്വേച്ഛാധിപതി, സർക്കാർ സംരക്ഷണം ലഭിച്ചു; രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം-ടിക്കാറാം മീണ

തിരുവനന്തപുരം: ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാർ രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. വലിയ അപരാധമാണ് ഗ്യാനേഷ് കുമാർ ചെയ്തതെന്നും ഉയർന്ന തലത്തിൽ ഗ്യാനേഷ് കുമാറിന് സംരക്ഷണം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത വളരെ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്വേച്ഛാധിപതിയെ പോലെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതാണ് അതിന് കാരണം. അത് നിയമവിരുദ്ധമാണ്. ഭൂരിപക്ഷാഭിപ്രായം അനുസരിച്ചായിരിക്കണം തീരുമാനങ്ങൾ. പക്ഷെ അദ്ദേഹം അത് മാനിച്ചില്ല. തിരഞ്ഞെടുപ്പിന്റെ സുതാര്യതയേയും നിക്ഷ്പക്ഷതയേയും സത്യസന്ധതയേയുമെല്ലാം ബാധിക്കുന്ന കാര്യങ്ങളാണിത്.’ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സംശുദ്ധവുമായിരിക്കണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ടെന്നും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഭരിക്കുന്ന പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ എന്താണ് ബന്ധം? എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാരിന്റെ സംരക്ഷണം? സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് അത്. അവർക്ക് സർക്കാരിന്റെയോ ഭരിക്കുന്ന പാർട്ടിയുടേയോ സംരക്ഷണം ആവശ്യമില്ല.’ മുൻ കമ്മീഷണർമാരെല്ലാം അതാണ് പിന്തുടർന്നിരുന്നതെന്നും ടിക്കറാം മീണ പറഞ്ഞു.
ഗ്യാനേഷ് കുമാർ തന്നോട് ബിജെപി സ്ഥാനാർഥിയാവാൻ നിർദേശിച്ചുവെന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ഗ്യാനേഷ് കുമാറിന് നല്ല ബന്ധമാണ്. അവർ പരസ്പരം സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മത്സരിക്കാനുള്ള ക്ഷണം കൊടുക്കുന്ന ഗ്യാനേഷ് കുമാറിൽ നിന്ന് നമുക്ക് എങ്ങനെ നിക്ഷ്പക്ഷത പ്രതീക്ഷിക്കാൻ പറ്റും?’ അദ്ദേഹം ചോദിച്ചു.
Content Highlights: Former Kerala Election Commissioner Tikaram meena demanded Gyanesh Kumar's resignation., Accused him of attempting to subvert democracy and making unilateral decisions., Highlighted the serious nature of the rift within the Election Commission., Backed Giji Thomson's revelation regarding an offer to run as a BJP candidate.