റെക്കോർഡിട്ട് മലയാളികൾ, രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം-മംഗളൂരു

#ന്യൂസ് ഡെസ്ക്
വന്ദേഭാരത് എക്‌സ്പ്രസ് |ഫോട്ടോ:മാതൃഭൂമി
വന്ദേഭാരത് എക്‌സ്പ്രസ് |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: രാജ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുമായി തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് ഒന്നാമത്. 2025-26 സാമ്പത്തിക വർഷത്തിലെ റെയിൽവേ ബോർഡിന്റെ കണക്കുകൾ പ്രകാരം 189.35 ശതമാനമാണ് ഈ റൂട്ടിലെ ഒക്യുപ്പൻസി നിരക്ക്.

മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സർവീസ് 174.77 ശതമാനം ഒക്യുപ്പൻസി നേടി. രാജ്യത്തെ എല്ലാ വന്ദേ ഭാരത് ചെയർ കാർ ട്രെയിനുകളുടെയും ശരാശരി ഒക്യുപ്പൻസി 99.10 ശതമാനമായിരിക്കെയാണ് കേരളത്തിലെ ഈ റൂട്ട് മികച്ച നേട്ടം കൈവരിച്ചത്.

ഒരു ട്രെയിനിൽ 100 ശതമാനത്തിൽ കൂടുതൽ ഒക്യുപ്പൻസി ഉണ്ടെന്ന് കേൾക്കുമ്പോൾ, യാത്രക്കാർ ടിക്കറ്റില്ലാതെ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുകയാണെന്ന് കരുതിയേക്കാം. എന്നാൽ റെയിൽവേ ഒക്യുപ്പൻസി നിരക്ക് കണക്കാക്കുന്നത് 'സീറ്റ് റൊട്ടേഷൻ' രീതിയെ അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന്, തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേ ഭാരതിലെ ഒരു സീറ്റ് ഒരു യാത്രക്കാരൻ എറണാകുളംവരെ ബുക്ക് ചെയ്യുന്നു. എറണാകുളത്ത് ആ യാത്രക്കാരൻ ഇറങ്ങിയശേഷം, അതേ സീറ്റ് അടുത്ത യാത്രക്കാരൻ കോഴിക്കോടുവരെ ബുക്ക് ചെയ്തു യാത്ര ചെയ്യുന്നു. തുടർന്ന് കോഴിക്കോട്ടുവെച്ച് മൂന്നാമതൊരാൾ അതേ സീറ്റിൽ മംഗളൂരുവരെ യാത്ര ചെയ്യുന്നു.

ഇവിടെ ഒരൊറ്റ സീറ്റിൽ മൂന്ന് പേരാണ് യാത്ര പൂർത്തിയാക്കിയത്. റൂട്ടിലെ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്നായി ആളുകൾ ധാരാളമായി കയറിയിറങ്ങുന്നുണ്ട്. ഇത്തരത്തിൽ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണത്തേക്കാൾ ഏതാണ്ട് 1.9 ഇരട്ടിയോളം യാത്രക്കാർക്ക് ഒരൊറ്റ യാത്രയിൽ സേവനം നൽകാൻ സാധിക്കുന്നതിനാലാണ് ഒക്യുപ്പൻസി 189.35 ശതമാനമായി ഉയരുന്നത്.

ഉയർന്ന ഒക്യുപ്പൻസിക്കൊപ്പം വരുമാനത്തിലും ഈ സർവീസ് മുൻപന്തിയിലാണ്. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്നുള്ള ആകെ വരുമാനം 249.65 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ 166.65 കോടി രൂപയിൽ നിന്ന് 83 കോടി രൂപയുടെ വർധനയാണ് ഈ വർഷം ഉണ്ടായത്.

തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് 62.20 കോടി രൂപ വരുമാനം നേടിയപ്പോൾ, മംഗളൂരു-തിരുവനന്തപുരം മടക്ക സർവീസ് 59.10 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 30.71 കോടി രൂപയായിരുന്നു.

ഉത്തരേന്ത്യയിലെ പ്രധാന റൂട്ടുകളേക്കാൾ വളരെ മുന്നിലാണ് കേരളത്തിന്റെ ഈ നേട്ടം. പ്രധാന ഉത്തരേന്ത്യൻ റൂട്ടായ ഡൽഹി-വാരാണസി വന്ദേ ഭാരത് ചെയർ കാർ സർവീസുകളുടെ ഒക്യുപ്പൻസി 114.05 മുതൽ 117.26 ശതമാനം വരെയാണ്. ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പറായ ഹൗറ-കാമാഖ്യ സർവീസിന് 103.54 മുതൽ 127.66 ശതമാനം വരെയാണ് ഒക്യുപ്പൻസി നിരക്ക്.

Content Highlights: Thiruvananthapuram Mangaluru Vande Bharat, Vande Bharat occupancy rate 2025-26, Kerala Vande Bharat revenue, Indian Railways Vande Bharat ranking