തിരുപ്പറങ്കുണ്ഡ്രത്തെ ദീപത്തൂണ്‍ ജൈനര്‍ സ്ഥാപിച്ചതെന്ന് ക്ഷേത്രം; ദീപംകൊളുത്താന്‍ പുറമെനിന്നുള്ളവര്‍ക്ക് ആവശ്യപ്പെടാനാവില്ല

#ന്യൂസ് ഡെസ്‌ക്
മധുരയിലെ തിരുപ്പറങ്കുണ്ഡ്രം സുബ്രഹ്‌മണ്യക്ഷേത്രം | Photo: x.com/CliosChronicles/
മധുരയിലെ തിരുപ്പറങ്കുണ്ഡ്രം സുബ്രഹ്‌മണ്യക്ഷേത്രം | Photo: x.com/CliosChronicles/

ചെന്നൈ: മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലയിലെ ദീപത്തൂണ്‍ ജൈന സന്ന്യാസിമാര്‍ സ്ഥാപിച്ചതാണെന്ന് സുബ്രഹ്‌മണ്യക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയെ അറിയിച്ചു. അവിടെ കാര്‍ത്തിക ദീപം കൊളുത്തണമെന്ന് പുറമേ നിന്നുള്ള വ്യക്തികള്‍ക്ക് ആവശ്യപ്പെടാനാവില്ലെന്നും അവര്‍ വാദിച്ചു. തങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കാതെയാണ് ഈ വിഷയത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞതെന്ന് സിക്കന്ദര്‍ ബാദുഷ ദര്‍ഗ ഭരണ സമിതിയും അറിയിച്ചു.

ഹിന്ദു, മുസ്ലിം മതവിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപ്പറങ്കുണ്ഡ്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുള്ള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം വിളക്കു കൊളുത്താന്‍ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്റെ ബെഞ്ച് കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിച്ച അപ്പീലുകളിലാണ് ക്ഷേത്രത്തിന്റെയും ദര്‍ഗയുടെയും ഭരണ സമിതികള്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിച്ചത്.

തിരുപ്പറങ്കുണ്ഡ്രം മലമുകളില്‍ ധ്യാനമിരുന്ന ജൈന സന്ന്യാസിമാര്‍ വിളക്കു കൊളുത്താന്‍ വേണ്ടി സ്ഥാപിച്ചതാണ് ദീപത്തൂണെന്നാണ് ക്ഷേത്രം ഭരണ സമിതി അറിയിച്ചത്. ഹിന്ദുമത വിശ്വാസ പ്രകാരം സ്ഥാപിച്ച തൂണല്ല അത്. ആഗമവിധി പ്രകാരമാണ് ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം കൊളുത്തുന്നത്. അത് എവിടെ വേണമെന്ന് പുറത്തുനിന്നുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കാനാവില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു. സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ദീപമണ്ഡപത്തില്‍ മാത്രമാണ് തൃക്കാര്‍ത്തിക ദിവസം ക്ഷേത്രം അധികൃതര്‍ വിളക്കു കൊളുത്തിയത്.

മലമുകളില്‍ വിളക്കുകൊളുത്താന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി തിടുക്കത്തില്‍ വിധി പറയുകയാണുണ്ടാതയെന്ന് ദര്‍ഗ ഭരണ സമിതി കോടതിയില്‍ പറഞ്ഞു. തങ്ങള്‍ക്കു പറയാനുള്ളത് കോടതി കേട്ടില്ല. 1920-ല്‍ ദര്‍ഗയ്ക്ക് അനുവദിക്കപ്പെട്ട സ്ഥലത്തിനുമേല്‍ പൂര്‍ണ അവകാശം സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടു. കേസില്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡിജിപിയും ഡിസംബര്‍ 17-ന് ഹാജരാകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: Madurai Thiruparankundram temple dispute: Diya stone established by Jain monks, not for Hindu rituals. High Court hearing on Kartik Deepam.