ജമ്മുവില്‍ ഭീകരര്‍ പിടിയില്‍;അമര്‍നാഥ് യാത്രയ്ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്

പോലീസ് പിടികൂടിയവര്‍ | Photo: Twitter/Police Media Centre Jammu
പോലീസ് പിടികൂടിയവര്‍ | Photo: Twitter/Police Media Centre Jammu

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്രാ സംഘത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരവാദികളെ പ്രദേശവാസികളുടെ സഹായത്തോടെ ജമ്മുവിലെ റിയാസിയില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്തു. താലിബ് ഹുസൈന്‍, ഫൈസല്‍ അഹമ്മദ് ധര്‍ എന്നിങ്ങനെയാണ് പിടിയിലായവരുടെ പേരുകള്‍. ഇവര്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. രജൗരിയിലേയും തെക്കന്‍ കശ്മീരിലേയും നിരവധി തീവ്രവാദ കേസുകളില്‍ പോലീസ് അന്വേഷിച്ചുനടക്കുന്ന കുറ്റവാളികള്‍ കൂടിയാണ് പിടിയിലായവര്‍. ഇവരിൽ നിന്ന് രണ്ട് തോക്കുകളും പിസ്റ്റളുകളും ഗ്രനേഡുകളും വെടിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. 

സുരക്ഷാസേന ഇവര്‍ക്കായുള്ള തിരച്ചില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രക്ഷപ്പെടാനായി തുക്‌സോണ്‍ ധാക് മേഖലയില്‍ ഒളിച്ച ഇവരെ പ്രദേശവാസികള്‍ തിരിച്ചറിഞ്ഞു. നാട്ടുകാരാണ് ഇവരെ പിടികൂടിയതും പോലീസിനേയും സൈന്യത്തേയും അറിയിച്ചതെന്നും ജമ്മു കശ്മീര്‍ പോലീസ് എഡിജിപി മുകേഷ് സിങ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്കായി പോലീസ് നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകര്‍ പിടിയിലായ താലിബ് ഹുസൈന്‍ ആണ്. അമര്‍നാഥ് യാത്രസംഘത്തിന് നേരെ ആക്രമണം പദ്ധതിയിട്ടതിന് പിന്നിലും താലിബ് ഹുസൈന്‍ ആണെന്നാണ് പോലീസ് പറയുന്നത്. 

ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ നടത്തുന്ന താലിബ് ഹുസൈന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിരവധി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
 

Content Highlights: Terror Strike on Amarnath Yatra Averted: Villagers Help Catch 2 LeT Men, Guv Announces Rs 5 L Reward