തെങ്കാശിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 8 മരണം, പത്തുപേരുടെ നില ഗുരുതരം; കാരണമായത് അമിതവേഗവും ഓവർടേക്കിങ്ങും

#ന്യൂസ് ഡെസ്ക്ക്
തെങ്കാശിയിൽ അപകടത്തിൽ തകർന്ന ബസ്
തെങ്കാശിയിൽ അപകടത്തിൽ തകർന്ന ബസ്

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയില്‍ രണ്ട് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. നാൽപ്പതോളം പേര്‍ക്ക് പരിക്കറ്റിട്ടുണ്ട്. മരിച്ചവരിൽ ഏഴുസ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ആറുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. അമിത വേഗത്തിലുള്ള ഓവർടേക്കിങ് ആണ് അപകടത്തിന് കാരണമായത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തെങ്കാശി ഇടയ്കാൽഭാഗത്ത് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്.

തെങ്കാശി പുതുക്കുടി വിനായഗർകോവിൽ നാലാം സ്ട്രീറ്റ് വനരാജ് (36), കടയനല്ലൂർ പുളിയംകുടി സ്ട്രീറ്റ് തേൻമൊഴി (55), പുളിയങ്കുടി സ്വദേശി മല്ലിക(55), ശങ്കരൻകോവിൽ സ്വദേശിനി കർപ്പകവള്ളി, തെങ്കാശി സ്വദേശി ഷണ്മുഖതായ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ മൂന്നുസ്ത്രീകളെ തിരിച്ചറിഞ്ഞിട്ടില്ല. തെങ്കാശി പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പുളിയങ്കുടി, ശങ്കരൻകോവിൽ വഴി കോവിൽപെട്ടിയിലേക്കുപോയ ബസും രാജപാളയത്തിൽനിന്ന് പുളിയങ്കുടിവഴി തെങ്കാശിയിലേക്കുവന്ന മറ്റൊരു സ്വകാര്യബസും കൂട്ടിയിടിക്കുകയായിരുന്നു.

കൈകാലുകള്‍ക്കും തലയ്ക്കും ഒടിവുകള്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് ബസ്സുകളിലുമായി കുറഞ്ഞത് 55 പേരെങ്കിലും യാത്രചെയ്തിരുന്നു എന്നാണ് നിഗമനം.

രാജപാളയത്തുനിന്ന് തെങ്കാശിയിലേക്കുവന്ന ബസ് അമിതവേഗതയിൽ മറ്റൊരുവാഹനത്തെ മറികടന്നെത്തുന്നതിനിടയിൽ മറുഭാഗത്തുനിന്നെത്തിയ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ബസുകളുടെ മധ്യഭാഗംവരെ പൂർണമായും തകർന്നനിലയിലാണ്. മരിച്ചവരും പരിക്കേറ്റവരും ബസിൻെറ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയനിലയിലായിരുന്നു. യന്ത്രമുപയോഗിച്ച് അവശിഷ്ടങ്ങൾ വലിച്ചുമാറ്റിയാണ് പലരെയും പുറത്തെടുത്തത്.

കടയനല്ലൂർ, പുളിയങ്കുടി, സോക്കംപട്ടി, ശിവഗിരി പ്രദേശങ്ങളിലുള്ള 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം തെങ്കാശി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പരിക്കേറ്റവരെ തെങ്കാശിയിലും തിരുനെൽവേലി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. തെങ്കാശി ലത്തൂർ പോലീസ് അന്വേഷണമാരംഭിച്ചു. തുടക്കത്തിൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. തുടർന്ന് സംഭവമറിഞ്ഞ് ലാത്തൂർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനമാരംഭിച്ചു. തെങ്കാശി എസ്പി അരവിന്ദ് സ്ഥലത്തെത്തിയിരുന്നു.

സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍  അദ്ദേഹം ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചു.

Content Highlights: Tenkasi Bus Collision Claims Six Lives, Injures Over 50 in Tamil Nadu