നിയമസഭാ സമ്മേളനത്തിനിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു; സിപിആർ നൽകി തെലങ്കാനാ മൃഗസംരക്ഷണ വകുപ്പ് മന്ത്രി

ഹൈദരാബാദ്: കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിക്കാനായി അടിയന്തര ശുശ്രൂഷയായ സിപിആർ നൽകി തെലങ്കാനയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി വാകിടി ശ്രീഹരി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ നവീൻ മിത്തലിന്റെ പ്രൈവറ്റ് സെക്രട്ടറിയായ കൃഷ്ണമോഹൻ രാജു (50) ആണ് നിയമസഭയിൽ കുഴഞ്ഞുവീണത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സംഭവം.
നിയമസഭയുടെ ഇടനാഴിയിൽ വെച്ചാണ് രാജു കുഴഞ്ഞുവീണത്. ഈ സമയം അവിടെ വാകിടി ശ്രീഹരി അവിടെ ഉണ്ടായിരുന്നു. രാജു കുഴഞ്ഞുവീണത് കണ്ടതോടെ, നിയമസഭയിലെ ഡ്യൂട്ടി ഡോക്ടർ എത്തുന്നതിന് മുമ്പ് തന്നെ മന്ത്രി ജീവൻ രക്ഷിക്കാനായി സിപിആർ നൽകി. തുടർന്ന് ഉടൻ തന്നെ രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് അദ്ദേഹം മരിച്ചിരുന്നു.
മന്ത്രി വാകിടി ശ്രീഹരി, രാജുവിന് സിപിആർ നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം സിപിആർ നൽകാൻ ആരംഭിച്ചതിന് പിന്നാലെ ഡോക്ടർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഊർജവകുപ്പിലെ സെക്ഷൻ ഓഫീസറായിരുന്ന രാജു പിന്നീട് നവീൻ മിത്തലിന്റെ പ്രൈവറ്റ് സെക്രട്ടറിയാകുകയായിരുന്നു.