300 കോടിയുടെ അനധികൃത സ്വത്ത്: ഡയറി കുരുക്കായി, തെലങ്കാന ഡിഎസ്പി പിടിയിൽ

#ന്യൂസ് ഡെസ്ക്
സങ്കീറെഡ്ഡി ഭീം റെഡ്ഡി
സങ്കീറെഡ്ഡി ഭീം റെഡ്ഡി

ഹൈദരാബാദ്: അനധികൃത സ്വത്ത് കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ഏകദേശം 300 കോടി രൂപയുടെ അനധികൃത സ്വത്ത് ഇയാൾ സമ്പാദിച്ചുവെന്നാണ് കണ്ടെത്തൽ.

ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസിൽ ജോലിചെയ്യുന്ന ഭീം റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്യുന്നത്.

ജൂലായ് രണ്ടിന് ഇദ്ദേഹത്തിന്റെ വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബെനാമികളുടെയും വീടുകൾ ഉൾപ്പെടെ തെലങ്കാനയിലെയും കർണാടകയിലെയും 16 സ്ഥലങ്ങളിൽ എസിബി ഒരേസമയം പരിശോധന നടത്തിയിരുന്നു. സർവീസ് കാലയളവിൽ അഴിമതിയിലൂടെയും വഴിവിട്ട മാർഗങ്ങളിലൂടെയും ഇദ്ദേഹം സ്വത്ത് സമ്പാദിച്ചതായി അധികൃതർ കണ്ടെത്തി

ഭീം റെഡ്ഡി സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ഡയറിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തീർത്ഥാടനത്തിന് പോകുന്നതിന് മുമ്പ് എഴുതിയ ഈ ഡയറിയിൽ തന്റെ സ്വത്തുക്കൾ, നിക്ഷേപങ്ങൾ, കടബാധ്യതകൾ, ബെനാമികളുടെ പേരുകൾ എന്നിവ ഇദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ ഡയറിയുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ വാട്‌സ്ആപ്പ് വഴി തന്റെ രണ്ട് മക്കൾക്കും ഇദ്ദേഹം അയച്ചുകൊടുത്തിരുന്നു. ഈ രേഖകളാണ് പല സ്വത്തുക്കളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കണ്ടെത്താൻ ഉദ്യോഗസ്ഥരെ സഹായിച്ചത്.

ഹൈദരാബാദിലെ വിവിധ ഇടങ്ങളിലായി വില്ലകൾ, വീടുകൾ, ഫ്‌ലാറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഇയാൾ സ്വന്തമാക്കിയതായി കണ്ടെത്തി. തെലങ്കാനയിലും കർണാടകയിലുമായി 44 ഏക്കറിലധികം കൃഷിഭൂമി ഇദ്ദേഹത്തിനുണ്ട്.

പരിശോധനയിൽ രണ്ട് കിലോ സ്വർണാഭരണങ്ങളും 20 കിലോ വെള്ളിയും കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ വസതിയിൽനിന്ന് 3.60 ലക്ഷം രൂപയും ബെനാമിയുടെ വീട്ടിൽനിന്ന് 40 ലക്ഷം രൂപയും പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 19.91 ലക്ഷം രൂപയുടെ ബാലൻസും കണ്ടെത്തിയിട്ടുണ്ട്. ശ്രീ രാഘവേന്ദ്ര റോക്ക് സാൻഡ് മിനറൽസ് എന്ന സ്ഥാപനത്തിൽ 75 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തി.

Content Highlights: DSP Bheem Reddy arrested for amassing 300 crore in illegal assets., Investigation triggered by a handwritten diary detailing benami transactions., Raids conducted across 16 locations in Telangana and Karnataka., Seizures include gold, silver, cash, and extensive agricultural land., Evidence shared by the accused via WhatsApp to his children led to the breakthrough.