തേജസ് അപകടം; മരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു, വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ന്യൂഡൽഹി: വെള്ളിയാഴ്ച ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റിനെ തിരിച്ചറിഞ്ഞു. ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമാംശ് സ്യാൽ (37) ആണ് വിമാനം പറത്തിയിരുന്നത്. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ല സ്വദേശിയാണ് നമാംശ് സ്യാൽ.
സംസ്ഥാന മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, അപകടമരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പൈലറ്റിന്റെ ചിത്രം തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. “ധീരനും കർത്തവ്യനിരതനുമായ ഒരു പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായത്. ദുഃഖിതരായ കുടുംബാംഗങ്ങളെ ഞാൻ എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ധീരപുത്രൻ നമാംശ് സ്യാൽ ജിയുടെ അടങ്ങാത്ത ധീരതയ്ക്കും കർത്തവ്യത്തോടുള്ള അർപ്പണബോധത്തിനും രാജ്യസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും ഞാൻ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു,” എന്ന് സുഖ്‌വീന്ദർ സിങ് കുറിച്ചു.
ഹിമാചൽ മുൻ മുഖ്യമന്ത്രി ജയറാം ഠാക്കൂറും പൈലറ്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. “അങ്ങേയറ്റം ഹൃദയഭേദകവും വേദനാജനകവുമാണ്” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:10-ഓടെ അഭ്യാസ പ്രദർശനത്തിനിടെയാണ് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടിയോ എന്ന് ആദ്യം വ്യക്തമല്ലായിരുന്നുവെങ്കിലും അപകടത്തിൽ അദ്ദേഹം മരിച്ചതായി വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു.
Content Highlights: Tragedy strikes Dubai Airshow as a Tejas fighter jet crashes, claiming the life of IAF Wing Commander Namansh Sial.