തേജ് പ്രതാപിന് ആർജെഡി സീറ്റ് നൽകുമോ? 'പാർട്ടി ടിക്കറ്റില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും'

തേജ് പ്രതാപ് യാദവ് | Photo: ANI
തേജ് പ്രതാപ് യാദവ് | Photo: ANI

പട്ന: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹുവാ മണ്ഡലത്തിൽനിന്ന് ജനവിധി തേടുമെന്ന് വ്യക്തമാക്കി തേജ് പ്രതാപ് യാദവ്. ആർജെഡി സീറ്റ് തന്നാലും ഇല്ലെങ്കിലും താൻ മത്സരിക്കുമെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. പാർട്ടി ടിക്കറ്റില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ് തേജ് പ്രതാപ് യാദവ്. 

'മഹുവയിലെ ജനങ്ങൾ താൻ ഇവിടെനിന്ന് മത്സരിക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ആർജെഡിയിൽനിന്ന് മറ്റാരെങ്കിലും ഇവിടെ മത്സരിച്ചാൽ അവർ വോട്ട് ചെയ്യില്ലെന്നാണ് പറയുന്നത്. പാർട്ടി (ആർജെഡി) ടിക്കറ്റ് തന്നാൽ ആർജെഡിക്ക് വേണ്ടി മത്സരിക്കും. ഇല്ലെങ്കിൽ, സ്വതന്ത്രനായി മത്സരിക്കും, പക്ഷേ മഹുവയിൽ നിന്ന് മാത്രമേ മത്സരിക്കൂ. ഇത് എൻ്റെ കർമ്മഭൂമിയാണ്.' തേജ് പ്രതാപ് പറഞ്ഞു.

2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തേജ് പ്രതാപ് വിജയിച്ച മണ്ഡലമാണ് മഹുവ. തുടർന്ന് 2017 വരെ നിതീഷ് കുമാർ മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായിരുന്നു. ആർജെഡിയുടെ മുകേഷ് കുമാർ റോഷനാണ് മഹുവയിലെ ഇപ്പോഴത്തെ എംഎൽഎ.

അധികാരത്തിൽ വന്നാൽ മണ്ഡലത്തെ ഒരു ജില്ലയായി പ്രഖ്യാപിക്കാൻ ശ്രമിക്കുമെന്നും അവിടെ ഒരു ഡിഗ്രി കോളേജ് സ്ഥാപിക്കുമെന്നും തേജ് പ്രതാപ് വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ മുഖ്യമന്ത്രിയാകില്ലെന്നും ഏതെങ്കിലും യുവനേതാവ് അധികാരത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തേജസ്വി യാദവ് ഇത്തവണ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് സംഭവിക്കുന്നത് കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് തേജ് പ്രതാപ് പറഞ്ഞു. എന്നിരുന്നാലും, "വഞ്ചകർ" ചുറ്റുമുള്ളിടത്തോളം കാലം അത് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജയ്ചന്ദുമാരാൽ (ചതിക്ക് പേരുകേട്ട ഒരു ചരിത്രപുരുഷൻ) ചുറ്റപ്പെട്ടവനാണ് തേജസ്വി. അത്തരം ആളുകൾ അനുവദിച്ചാൽ മാത്രമേ തേജസ്വി മുഖ്യമന്ത്രിയാകൂ. തേജ് പ്രതാപ് കൂട്ടിച്ചേർത്തു.

കാമുകി അനുഷ്ക യാദവുമായുള്ള ബന്ധം പരസ്യമാക്കിയതിനെ തുടർന്ന് തേജിനെ  പിതാവ് ലാലു പ്രസാദ് യാദവ് തള്ളിപ്പറയുകയും പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതാണ് ആർജെഡി അദ്ദേഹത്തിന് സീറ്റ് നൽകുമോ ഇല്ലയോ എന്നതുസംബന്ധിച്ച് സംശയങ്ങൾക്ക് വഴി തുറന്നത്. ആർജെഡി നേതാവായിരുന്ന ചന്ദ്രിക റായിയുടെ മകളാണ് തേജ് പ്രതാപിന്റെ മുൻഭാര്യ. ഈ ബന്ധത്തിലുണ്ടായ തകർച്ച പാർട്ടിയിലും കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.

Content Highlights: Ex-Bihar minister Tej Pratap Yadav confirms contesting from Mahua, regardless of RJD ticket.