കര്‍ഷകരെ കാണാനെത്തി ജഗന്‍മോഹന്‍ റെഡ്ഡി; ടിഡിപി-വൈഎസ്ആർസിപി പ്രവര്‍ത്തകർ തമ്മില്‍ സംഘര്‍ഷം, കല്ലേറ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ ഭരണകക്ഷിയായ ടിഡിപിയുടെ പ്രവര്‍ത്തകരും പ്രതിപക്ഷമായ വൈഎസ്ആര്‍സിപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. വൈഎസ്ആര്‍സിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി, പൊഡിലിയിലെ പുകയില കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷമുണ്ടായത്.
പോലീസുകാരും ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. 'ജഗന്‍ ഗോ ബാക്ക്' എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായി ടിഡിപി പ്രവര്‍ത്തകര്‍ എത്തിയതോടെ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ കുപിതരാവുകയും ഇത് സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ടിഡിപി-വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയും ചെയ്തു. പോലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. അതിനിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വടിയും കല്ലും കൊണ്ട് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വാഹനം ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാവിലെ പത്തുമണിയോടെയാണ് ദുരിതബാധിതരായ പുകയില കര്‍ഷകരെ കാണാന്‍ ജഗന്‍മോഹന്‍ റെഡ്ഡി എത്തിയത്. തുടര്‍ന്ന് കര്‍ഷകരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു. താങ്ങുവില ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.
കര്‍ഷകരെ സന്ദര്‍ശിച്ച് ജഗന്‍മോഹന്‍ റെഡ്ഡി മടങ്ങുമ്പോഴായിരുന്നു സംഘര്‍ഷം ഉടലെടുത്തതെന്ന് പോലീസ് പറഞ്ഞു. ടിഡിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍കൂടി തുടങ്ങിയതോടെ സംഗതി വഷളാവുകയായിരുന്നു.
Content Highlights: tdp ysrcp party workers clash