രത്തന്‍ ടാറ്റയെ അനുസ്മരിച്ച് സി-295 വിമാനങ്ങളുടെ നിര്‍മാണശാല വഡോദരയില്‍ തുറന്നു നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സി-295 വിമാനങ്ങളുടെ നിര്‍മാണശാലയായ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇവിടെ നിര്‍മിക്കുന്ന 40 വിമാനങ്ങളില്‍ ആദ്യത്തേത് 2026 സെപ്റ്റംബറോടെ പുറത്തിറങ്ങും. സൈനികവിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫൈനല്‍ അസംബ്ലി ലൈന്‍ പണിശാലയാണ് വഡോദരയിലേത്. അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയാണ് പദ്ധതിക്കു പിന്നില്‍.
56 വിമാനങ്ങളാണ് സി-295 പദ്ധതിയുടെ കീഴില്‍ നിര്‍മിക്കുന്നത്. ഇതില്‍ 16 എണ്ണവും വിമാനനിര്‍മാതാക്കളായ എയര്‍ബസ് സ്‌പെയിനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യും.
ഇന്ത്യന്‍ പ്രതിരോധമന്ത്രാലയവും സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പെയ്സ് എസ്.എ.യും തമ്മില്‍ 2021-ല്‍ 21,935 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യ-സ്‌പെയിന്‍ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാന്‍ ടാറ്റ-എയര്‍ബസ് നിര്‍മാണശാല വഴിയൊരുക്കുമെന്ന് പ്രാധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ച രത്തന്‍ ടാറ്റയെ അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. 2012-ല്‍ രത്തന്‍ ടാറ്റ മുന്‍കൈയെടുത്ത പദ്ധതിയാണ് സി-295 വിമാനങ്ങളുടെ നിര്‍മാണശാലയെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഇന്ത്യന്‍ വ്യോമ മേഖലക്ക് പദ്ധതിയിലൂടെ വഴിത്തിരിവാകുമെന്നും കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്നും സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്തിലെ വഡോദരയിലെ നിര്‍മാണ പ്ലാന്റില്‍നിന്ന് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന പഴക്കംചെന്ന അവ്‌റോ-748 വിമാനങ്ങള്‍ക്കു പകരമായാണ് സി- 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ എത്തുന്നത്. 5-10 ടണ്‍ ഭാരം വരെ വഹിക്കാന്‍ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിന് സാധിക്കും. 70 പട്ടാളക്കാര്‍ക്ക് വരെ ഇതില്‍ യാത്ര ചെയ്യാനാകും. നിലവില്‍ വ്യോമസേനയുടെ ഭാഗമായ വിമാനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാന്‍ സഹായിക്കുന്നവയാണിത്. സി-295 ന് പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറുണ്ട്. അതിനാല്‍ തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ് ഈ വിമാനങ്ങള്‍.
പൂര്‍ണസജ്ജമായ റണ്‍വേയും സി-295ന് ആവശ്യമില്ല. ചെറിയ റണ്‍വേയില്‍ പോലും പറയുന്നയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുമെന്നതിനാല്‍ സി-295 വിമാനം എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ ശക്തിപ്പെടും. ടേക്ക് ഓഫിന് 670 മീറ്റര്‍ റണ്‍വേയും ലാന്‍ഡിങ്ങിന് 320 റണ്‍വേയും മാത്രമേ സി-295 വിമാനത്തിന് ആവശ്യമുള്ളു. ഇതുവഴി അടിയന്തര ഘട്ടത്തില്‍ മലയോരത്തും മറ്റ് അപ്രാപ്യമായ പ്രദേശങ്ങളിലും അവശ്യസാധനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ എത്തിക്കാന്‍ വ്യോമസേനയ്ക്ക് സാധിക്കും. 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുമുണ്ടാകും.
ദീര്‍ഘദൂരം പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയില്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് സാധിക്കും. അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കല്‍ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താം. പ്രത്യേക ദൗത്യങ്ങളിലും ദുരന്ത മുഖത്തും സി-295 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗപ്രദമാണ്. നീളമേറിയ ക്യാബിനും വിമാനത്തിന്റെ പ്രത്യേകതയാണ്.
Content Highlights: Tata Aircraft facility for C-295 transport planes inaugurated in Vadodara.